
കൊൽക്കത്ത: ബിർഭും കൂട്ടക്കൊലയിൽ അറസ്റ്റിലായ പ്രതികളുടെ മനഃശാസ്ത്ര പരിശോധന നടത്താൻ തീരുമാനിച്ചതായി സി.ബി.ഐ അറിയിച്ചു. പ്രതികളുടെ ശരീരഭാഷയും മുഖഭാവങ്ങളും ഒരു മനശാസ്ത്രജ്ഞന്റെ സാന്നിദ്ധ്യത്തിൽ നിരീക്ഷിച്ച ശേഷം അത് തെളിവായി പരിഗണിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രതികളുടെ മൊഴികൾ തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവർ പറയുന്നത് സത്യമാണോ എന്നറിയാൻ ഫോറൻസിക് സൈക്കോളജിക്കൽ വിശകലനം നടത്താൻ തീരുമാനിച്ചത്.
രാംപൂർഹട്ടിൽ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ അഗ്നിശമന സേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മൊഴിയെടുത്തുവെന്നും സി.ബി.ഐ അറിയിച്ചു. സംഭവത്തിൽ കൊല്ലപ്പെട്ട എട്ട് പേരുടെ സാമ്പിളുകൾ ഡി.എൻ.എ പരിശോധനക്ക് വേണ്ടി അയക്കുമെന്നും സി.ബി.ഐ കൂട്ടിച്ചേർത്തു. മാർച്ച് 20ന് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വ്യാപക അക്രമ സംഭവങ്ങളിൽ 9 പേരാണ് കൊല്ലപ്പെട്ടത്.