ipl

രാജസ്ഥാൻ റോയൽസ് 23 റൺസിന് മുംബയ് ഇന്ത്യൻസിനെ കീഴടക്കി,

ജോസ് ബട്ട്‌ലർക്ക് സെഞ്ച്വറി

മുംബയ്: ഐ.പി.എൽ പതിനഞ്ചാം സീസണിലെ ആദ്യ സെഞ്ച്വറിയുമായി നിറഞ്ഞാടിയ ജോസ് ബട്ട്‌ലറുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ മുംബയ് ഇന്ത്യൻസിനെ 23 റൺസിന് കീഴടക്കി രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. രാജസ്ഥാന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഒരു ഘട്ടത്തിൽ ഇഷാൻ കിഷനും പുതുമുഖം തിലക് വർമ്മയും കൂടി മുംബയ്‌യെ വിജയതീരത്തെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും സ്പിന്നർമാരായ അശ്വിനും യൂസ്‌വേന്ദ്ര ചഹലും കൂടി അവസരത്തിനൊത്ത് ഉയർന്ന് രാജസ്ഥാനെ രക്ഷിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി ബട്ട്‌ലർ തുടക്കം മുതലേ ആക്രമണം തുടങ്ങി. മലയാളിതാരം ബേസിൽ തമ്പി എറിഞ്ഞ രാജസ്ഥാൻ ഇന്നിംഗ്സിലെ നാലാം ഓവറിൽ 3 സിക്സും 2ഫോറുമടക്കം 26 റൺസാണ് ബട്ട്‌ലർ അടിച്ചു കൂട്ടിയത്. യശ്വസി ജയ്‌സ്വാളും (1)​,​ ദേവ്‌ദത്ത് പടിക്കലും (7)​ യഥാക്രമം ബുംറയ്ക്കും മിൽസിനും വിക്കറ്റ് സമ്മാനിച്ച് മറുവശത്ത് പെട്ടെന്ന് പുറത്തായെങ്കിലും പിന്നീടെത്തിയ നായകൻ സഞ്ജു സാംസണൊപ്പം (21 പന്തിൽ 30,​ 3 സിക്സ്,​ 1 ഫോർ )​ മികച്ചൊരു കൂട്ടുകെട്ട് ബട്ട്‌ലറുണ്ടാക്കി. ഇരുവരും മൂന്നാം വിക്കറ്റിൽ 50 പന്തിൽ 82 റൺസ് കൂട്ടിച്ചേർത്തു. സഞ്ജു കീറോൺ പൊള്ളാഡിന്റെ പന്തിൽ തിലക് വർമ്മ പിടിച്ച് പുറത്തായ ശേഷം വന്ന ഹെറ്റ്‌മേയർ (14 പന്തിൽ 35,​ 3 വീതം സിക്സും ഫോറും )​ സ്ഫോടനാത്മക ബാറ്റിംഗുമായി ബട്ട്‌ല‌ർക്ക് മികച്ച പിന്തുണ നൽകി. 4-ാം വിക്കറ്റിൽ 24 പന്തിൽ 53 റൺസ് ഇരുവരും ചേർന്ന് റോയൽസിന്റെ അക്കൗണ്ടിലേക്ക് എത്തിച്ചു. ഇതിനിടെ ബട്ട്‌‌ലർ സെഞ്ച്വറിയും തികച്ചു. 68 പന്തിൽ 11 ഫോറും 5 സിക്സും ഉൾപ്പെട്ടതാണ് ബട്ട്‌ലറുടെ ഇന്നിംഗ്സ്. ഹെറ്റ്മേയറേയും ബട്ട്‌ലറേയും 19-ാം ഓവറിൽ ബുംറ പുറത്താക്കിയതോടെ അവസാനം പ്രതീക്ഷിച്ച റൺസ് രാജസ്ഥാന് നേടാനായില്ല. ബുംറയും മിൽസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

രാജസ്ഥാൻ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബയുടെ ക്യാപ്ടൻ രോഹിത് (10)​പ്രസിദ്ധിനും അൻമോൽ പ്രീത് (5)​ സൈനിക്കും വിക്കറ്റ് സമ്മാനിച്ച് തുടക്കത്തിലേ മടങ്ങി. തുടർന്ന് ഇഷാനും (43 പന്തിൽ 54)​ തിലകും (33 പന്തിൽ66)​ 54 പന്തിൽ മൂന്നാം വിക്കറ്റിൽ 81 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി മുംബയ്ക്ക് പ്രതീക്ഷ നൽകി. മുംബയ് സ്കോർ 121ൽ വച്ച് ഇഷാനെ പുറത്താക്കി ബോൾട്ട് രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി. പിന്നീട് ചഹലും അശ്വിനും കാര്യങ്ങൾ രാജസ്ഥാന്റെ വരുതിയിലാക്കി. പതിനാറാം ഓവറിലെ ആദ്യ രണ്ടുപന്തുകളിൽ ടിം ഡേവിഡിനേയും (1)​,​ ഡാനിയേൽ സാംസിനേയും (0)​ പുറത്താക്കി ചഹൽ ഹാട്രിക്കിന് അരികിലെത്തിയതാണ്. എന്നാൽ അടുത്ത പന്തിൽ മുരുകൻ അശ്വിൻ നൽകിയ ക്യാച്ച് സ്ലിപ്പിൽ പകരക്കാരൻ ഫീൽഡർ കരുൺ നായർ കൈവിട്ടു.

രാജസ്ഥാനായി സൈനിയും ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.