kpl

കൊച്ചി: കേരള പ്രീമിയർ ഫുട്ബാൾ ലീഗിൽ നിന്നും കേരള ബ്‌ളാസ്‌റ്റേഴ്സ് റിസർവ് ടീമിനെ തരംതാഴ്ത്തി. ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ കോവളം എഫ്സി എതിരാളികളായ ലിഫയെ 2-1ന് തോൽപിച്ചതോടെയാണ് ബ്‌ളാസ്‌റ്റേഴ്സ് കെ പി എലിൽ നിന്ന് പുറത്തായത്.

തരംതാഴ്ത്തൽ ഒഴിവാക്കാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സ്‌റ്റെവിന്റെ ഇരട്ടഗോളുകളാണ് കോവളത്തിന് തുണയായത്. 10, 17 മിനിറ്റുകളിലായിരുന്നു കോവളത്തിന് വേണ്ടി സ്റ്റെവിൻ ഗോളുകൾ നേടിയത്. സ്‌റ്റെവിൻ തന്നെയാണ് കളിയിലെ താരവും. 55ാം മിനിറ്റിൽ ബെസ്‌കിൻ ആണ് ലിഫയുടെ ആശ്വാസ ഗോൾ നേടിയത്.

ഇതോടെ 10 മത്സരങ്ങളിൽ നിന്ന് കോവളം എഫ്സിക്ക് 10 പോയിന്റായി. ഒരു മത്സരം കൂടി ബ്‌ളാസ്‌റ്റേഴ്സിന് ബാക്കിയുണ്ടെങ്കിലും അതിൽ ജയിച്ചാലും പോയിന്റ് ടേബിളിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാകില്ല. രണ്ടു മത്സരങ്ങൾ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് 7 കളികളിലാണ് തോറ്റത്. രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുള്ള ലിഫക്ക് നാലു പോയിന്റ് മാത്രമാണുള്ളതെങ്കിലും കോർപറേറ്റ് എൻട്രി ആയതിനാൽ രണ്ടു വർഷത്തേക്ക് തരംതാഴ്ത്തപ്പെടില്ല. എട്ടു മത്സരങ്ങളിൽ നിന്ന് 4 പോയിന്റുള്ള എം.എ ഫുട്‌ബോൾ അക്കാദമിയും ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു.

തരംതാഴ്ത്തപ്പെട്ട ടീമുകൾക്ക് യോഗ്യതാറൗണ്ടിൽ മത്സരിച്ച് വീണ്ടും ലീഗിലെത്താൻ അവസരമുണ്ടാവും. ജില്ലാ സൂപ്പർ ഡിവിഷൻ വിജയികളായ 14 ടീമുകൾക്കൊപ്പമായിരിക്കും യോഗ്യതറൗണ്ട്. ഫൈനലിലെത്തുന്ന രണ്ടു ടീമുകൾ കെപിഎലിന് യോഗ്യത നേടും.