imran-khan

ലാഹോർ: തനിക്ക് വേണ്ടി തെരുവിലേക്കിറങ്ങാൻ പാകിസ്ഥാൻ ജനതയോട് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നാളെ പാകിസ്ഥാൻ ദേശീയ കൗൺസിലിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതോടെ ഇമ്രാന്റെ പ്രധാനമന്ത്രി പദം തെറിക്കുമെന്ന് ഏറെകുറേ ഉറപ്പാണ്. അതിനു മുമ്പ് അവസാനവട്ട ശ്രമം എന്ന നിലയ്ക്കാണ് ഇമ്രാൻ ജനങ്ങളോട് തെരുവിലേക്ക് ഇറങ്ങാൻ ആഹ്വാനം ചെയ്തതെന്ന് കരുതുന്നു.
നാളെ നടക്കുന്ന അവിശ്വാസപ്രമേയത്തിൽ തന്റെ എതിരാളികളായ പ്രതിപക്ഷ പാർട്ടികളെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായ പദ്ധതികളുണ്ടെന്ന് പറ‌ഞ്ഞ ഇമ്രാൻ അതിനു പക്ഷേ തനിക്ക് പാകിസ്ഥാൻ ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്ന് കൂട്ടിച്ചേർത്തു. പാകിസ്ഥാനെ വിദേശ രാജ്യങ്ങളുടെ പിടിയിൽ നിന്ന് രക്ഷിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അതിന് പാക് ജനത ഒപ്പമുണ്ടാകണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു. വേറെ ഏത് രാജ്യമായിരുന്നെങ്കിലും ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങൾ തെരുവിലേക്കിറങ്ങുമെന്നും അത് ഇവിടെ നടക്കാത്തത് ഇത് പാകിസ്ഥാൻ ആയതു കൊണ്ടാണെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.
പാകിസ്ഥാനിൽ ഇന്നുവരെ ജനാധിപത്യ രീതിയിൽ അധികാരത്തിലേറിയ ഒരു പ്രധാനമന്ത്രിയും തന്റെ കാലാവധി പൂർത്തിയാക്കിയിട്ടില്ല. 2018ൽ അധികാരത്തിലെത്തിയ ഇമ്രാൻ ഖാൻ സ‌ർക്കാരിന്റെ കാലാവധി അടുത്ത വർഷമാണ് പൂർത്തിയാകുന്നത്. എന്നാൽ സാമ്പത്തിക അസമത്വം രൂക്ഷമായ പാകിസ്ഥാനിൽ അവശ്യ വസ്തുക്കളുടെ വില ക്രമാതീതമായി കുതിച്ചുയരുകയാണ്. ഇക്കാര്യങ്ങളും ഭരണത്തിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ ഇമ്രാനെതിരെ പടയൊരുക്കുന്നത്.