
വാറ്റുപുഴ: പായിപ്രയില്‍ നാല് കുട്ടികള്‍ മാത്രമുള്ള വീട്ടില്‍ നിന്ന് പുറത്താക്കി ജപ്തി ചെയ്ത് കേരളാ ബാങ്ക് ഉദ്യോഗസ്ഥർ. ജപ്തി നടപടിയില്‍ പ്രതിഷേധിച്ച മാത്യു കുഴല്‍ നാടന്‍ എംഎല്‍എ വീടിന്റെ പൂട്ടു പൊളിച്ചു ശേഷം കുട്ടികളെ വീട്ടിൽ തിരിച്ചുകയറ്റി.
പായിപ്ര സ്വദേശി അജേഷിന്റെ വീടാണ് കേരള ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി ചെയ്തത്. അജേഷ് ഹൃദ്രോഗത്തിന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയാണ് ആശുപത്രിയിൽ അജേഷിന് കൂട്ടിരിക്കുന്നത്. ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കെത്തുമ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബാങ്ക് ജനറല്‍ മാനേജരുടെ നേതൃത്വത്തിലായിരുന്നു ജപ്തി നടപടികൾ. ഒന്നര ലക്ഷം രൂപയോളം കുടുംബത്തിന് കടമുണ്ടായിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജപ്തി നടപടിയെന്നായിരുന്നു ബാങ്ക് എം.എല്‍.എയെ അറിയിച്ചത്. പണമടയ്ക്കാന്‍ സാവകാശം വേണമെന്ന് എം.എല്‍എ ആവശ്യപ്പെട്ടു.
രാത്രി എട്ടരയോടെ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എം.എല്‍.എയെ അറിയിച്ച. എന്നാല്‍, രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാകാത്തതോടെ എം.എല്‍.എ തന്നെ വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ തിരികെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.