sri-lanka

കൊളംബോ: ശ്രീലങ്കയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സോഷ്യൽ മീഡിയയ്ക്ക് വിലക്കേർപ്പെടുത്തി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സാപ്പ് അടക്കമുള്ള പന്ത്രണ്ടോളം സാമൂഹിക മാദ്ധ്യമങ്ങൾക്ക് ആണ് വിലക്കേർപ്പെടുത്തിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപകമായി 'അറബ് വസന്ത" മാതൃകയിൽ ( ഒരു ദശാബ്ദത്തിന് മുമ്പ് മിഡിൽ ഈസ്റ്റിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ) സമരം നടത്താൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. രാജ്യമെമ്പാടും സൈന്യവും പൊലീസും നിലയുറപ്പിച്ചിരിക്കുകയാണ്. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം ഇന്നലെ വൈകിട്ട് തുടങ്ങിയ കർഫ്യൂ ഇന്നും തുടരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യവ്യാപകമായി 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് ജനകീയ പ്രക്ഷോഭങ്ങളെ ചെറുക്കാൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.