
മലയിൻകീഴ്: മാറനല്ലൂർ കരിങ്ങൽ തൊട്ടിക്കര ഭദ്രകാളി ദേവീ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ പൊലീസും പ്രദേശത്തെ യുവാക്കളും തമ്മിൽ സംഘർഷം. ഗാനമേളയ്ക്കിടെ യുവാക്കൾ നൃത്തം ചെയ്യുകയും പൊലീസ് ഇത് ചോദ്യം ചെയ്തതുമാണ് സംഘർഷത്തിന് ഇടയാക്കിയത്.
പൊലീസ് വിലക്കിയെങ്കിലും യുവാക്കൾ നൃത്തം ചെയ്യുന്നത് തുടർന്നു. ഇതിനിടെ എ ആർ പി ക്യാമ്പിൽ നിന്നെത്തിയ പൊലീസുകാർ വീണ്ടും യുവാക്കളെ പ്രകോപിപ്പിക്കുന്ന തരത്തിൽ സംസാരിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. സംഘർഷത്തിൽ മൂന്ന് പൊലീസുകാരുൾപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റു. അരുവിയോട് സ്വദേശി പ്രദീപ് (32), കൊറ്റംപള്ളി സ്വദേശി മനോജ് (26) എന്നിവർക്കും എ ആർ പി ക്യാമ്പിലെ എ എസ് ഐമാരായ ജോർജ്, ജയരാജ്, കൃഷ്ണകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
ഗാനമേള നടക്കുമ്പോൾ വഴിവിട്ട് മാറിനിൽക്കാൻ പറഞ്ഞത് കൂട്ടാക്കാതെ പൊലീസിനെ അസഭ്യം പറഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഓടുന്നതിനിടെ വീണാണ് രണ്ടുപേർക്ക് പരിക്കേറ്റത്. 15 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസ് ഐ രാജേന്ദ്രൻ അറിയിച്ചു.