
മുംബയ്: ഇന്നലെ രാത്രിയോടു കൂടി മഹാരാഷ്ട്രയുടെയും മദ്ധ്യപ്രദേശിലെയും പലഭാഗങ്ങളിലും ആകാശത്ത് എന്തോ ജ്വലിക്കുന്നതായി നിരവധി പേർ കണ്ടു. പലരും ഇത് ഉൽക്കാവർഷമായിരിക്കാമെന്നാണ് കരുതിയത്. എന്നാൽ യഥാർത്ഥത്തിൽ ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച ഒരു ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ കത്തുന്നതായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
2021 ഫെബ്രുവരിയിൽ വിക്ഷേപിച്ച ചൈനയുടെ ചാംഗ് ഷെംഗ് 3 ബി റോക്കറ്റാണ് ഇന്നലെ വീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ഇതിന്റെ ഭാഗങ്ങൾ ഇന്ത്യയുടെ മുകളിൽ ആകാശത്ത് വച്ചു തന്നെ കത്തി തീർന്നു. അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുകയോ എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തിട്ടില്ല. ഇതിന്റെ വീഡിയോ എ എൻ ഐ ട്വിറ്ററിൽ പങ്കു വച്ചിട്ടുണ്ട്.
#WATCH | Maharashtra: In what appears to be a meteor shower was witnessed over the skies of Nagpur & several other parts of the state. pic.twitter.com/kPUfL9P18R
— ANI (@ANI) April 2, 2022
2021 ഫെബ്രുവരിയിൽ വിക്ഷേപിച്ച ചാംഗ് ഷെംഗ് 3 ബി (സീരിയൽ നമ്പർ വൈ 77) റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിന്റെ പുനപ്രവേശനമാണ് ഇതെന്ന് താൻ വിശ്വസിക്കുന്നു. ഇത് ഒരു മണിക്കൂർ നേരത്തേയാണ് അന്തരീക്ഷത്തിലേക്ക് കടന്നിരിക്കുന്നതെന്നും കേംബ്രിഡ്ജിലെ ഹാർവാർഡ് സ്മിത്‌സോണിയൻ സെന്റർ ഫോർ ആസ്‌ട്രോഫിസിക്സിലെ ശാസ്ത്രജ്ഞനായ ജൊനാഥൻ മാക്സ്‌വൽ ട്വിറ്ററിൽ കുറിച്ചു.

ചൈനയുടെ ലോംഗ് മാർച്ച് 3 കുടുംബത്തിൽപെട്ട റോക്കറ്റാണിത്. സമീപകാലത്ത് ചൈനയ്ക്ക് നിരവധി നേട്ടങ്ങളുണ്ടാക്കി കൊടുത്ത വിക്ഷേപണ വാഹനമാണിത്. ബഹിരാകാശ നിലയത്തിലേക്ക് മൊഡ്യൂളുകളെയും ക്രൂവിനെയും എത്തിക്കുന്നതു മുതൽ ചാന്ദ്ര ചൊവ്വ പര്യവേഷണ പേടകങ്ങളുടെ വിക്ഷേപണം വരെ ഇതിലൂടെ ചൈന സാദ്ധ്യമാക്കുന്നു.