aloevera

ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് തുടയിടുക്കുകളിലെ കറുപ്പ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം നിറമുണ്ടായിട്ടും തുടകൾക്കിടയിൽ മാത്രം കറുപ്പ് ഉണ്ടാകുന്നത് നമ്മുടെ ആത്മ വിശ്വാസം കുറയ്ക്കും. നാണക്കേടുമൂലം ഈ പ്രശ്നത്തെക്കുറിച്ച് പുറത്തുപറയാൻ പലർക്കും മടിയാണ്.

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഈ സൗന്ദര്യ പ്രശ്നമാണിത്. തുടയിടുക്കുകളിൽ കറുപ്പ് നിറമാകാൻ ഇറുകിയ അടിവസ്ത്രം ധരിക്കുന്നത് അടക്കം നിരവധി കാരണങ്ങൾ ഉണ്ട്. പ്രശ്നം പരിഹരിക്കാൻ മാർക്കറ്റിൽ കിട്ടുന്ന പലതരം ക്രീമുകൾ വാങ്ങി പരീക്ഷിച്ചവരുമുണ്ടാകും. എന്നാൽ കെമിക്കൽ പ്രൊഡക്ട്സ് ഉപയോഗിക്കുന്നത് ചൊറിച്ചിൽ പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.


വീട്ടിലിരുന്നുകൊണ്ട്,​ പോക്കറ്റ് കാലിയാകാതെ തുടയിടുക്കുകളിലെ കറുപ്പ് മാറ്റാൻ ഒരു കിടിലൻ സാധനമുണ്ട്. എന്താണ് അതെന്നല്ലേ? കറ്റാർ വാഴയാണ് ആ സീക്രട്ട്. മുഖവും മുടിയുമൊക്കെ തിളങ്ങാൻ കറ്റാർ വാഴ സഹായിക്കുന്നു. അതുപോലെ തന്നെ തുടകളിലെ കറുപ്പ് മാറ്റാനും കറ്റാർ വാഴ നല്ലൊരു ഔഷധമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

ചർമത്തിന്റെ കേടുപാടുകൾ മാറ്റാനുള്ള പോഷകങ്ങൾ കറ്റാർവാഴയിലടങ്ങിയിട്ടുണ്ട്. കറ്റാർവാഴയിൽ നിന്ന് ശുദ്ധമായ ജെൽ എടുത്ത് തുടയിടുക്കിൽ പുരട്ടാം. അഞ്ച് മിനിട്ടിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാം. കുറച്ച് ദിവസം ഇങ്ങനെ ചെയ്താൽ മാറ്റം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, എല്ലാവരുടെയും ചർമം ഒരുപോലെയല്ല. അതിനാൽ ഉപയോഗിക്കുന്നതിന് മുൻപ് ഒരു ചർമ രോഗ വിദഗ്ദ്ധന്റെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.