
തൃശൂർ: കെഎസ്‌ആർടിസി സൂപ്പർ ഫാസ്‌റ്റിന് മുന്നിൽ ബൈക്കിൽ സാഹസിക പ്രകടനം നടത്തിയ സംഭവത്തിൽ ആറ് പേരെ അറസ്‌റ്റ് ചെയ്‌തു. തൃശൂർ പെരുമ്പിലാവ് മുതൽ കുന്നംകുളം വരെയാണ് മൂന്ന് ബൈക്കുകളിൽ ഏഴ് യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത്. ഇവരിൽ ആറുപേരെയാണ് കുന്നംകുളം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കുന്നംകുളം അയിനൂർ സ്വദേശികളാണ് പിടിയിലായത്. സുഷിത്ത്, നിഖിൽ ദാസ്, അതുൽ, അഷിത്ത് എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് തൊട്ടിൽപാലം ഡിപ്പോയുടെ ബസിന് മുന്നിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്. സംഭവത്തിൽ പങ്കുളള ഒരാളെയും ഒരു ബൈക്കും പിടികിട്ടാനുണ്ട്. യുവാക്കളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. പെരുമ്പിലാവ് മുതൽ കുന്നംകുളം വരെ ബസിന് മുന്നിൽ ബൈക്കോടിച്ച യുവാക്കൾ കല്ലുകൊണ്ട് ബസിന്റെ വശങ്ങളിൽ ഇടിച്ചു. വനിതാ യാത്രക്കാർക്ക് നേരെയും അസഭ്യ വർഷം നടത്തി. ബസ് നിയന്ത്രണം വിടുമോയെന്ന് ഭയന്നിരുന്നതായി ഡ്രൈവർ പറഞ്ഞു.