
തിരുവനന്തപുരം: കെ റെയിൽ നടപ്പിലാക്കാൻ യാതൊരു കാരണവശാലും കേന്ദ്രം അനുമതി നൽകില്ലെന്നറിഞ്ഞിട്ടും കമ്മീഷൻ തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.
'നടപ്പിലാകില്ലെന്ന് അറിയാമെങ്കിലും കമ്മീഷൻ വാങ്ങിപ്പോയതിനാൽ എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സാമൂഹ്യാഘാത പഠനം നടത്താൻ സാധിക്കില്ലെന്നാണ് ഏജൻസി പറയുന്നത്. എന്നാൽ എന്തുവന്നാലും പദ്ധതി നടപ്പിലാക്കുമെന്നാണ് സർക്കാർ വാശിപ്പിടിക്കുന്നത്.
ജനങ്ങളുടെ താത്പര്യം മുൻനിർത്തിയല്ല സർക്കാർ പദ്ധതി കൊണ്ടുവരുന്നതെന്ന് വിലയിരുത്തേണ്ടി വരും. സാമൂഹ്യാഘാത പഠനം നടത്താൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ പദ്ധതി നിർത്തി വയ്ക്കുകയാണ് ചെയ്യേണ്ടത്. പദ്ധതിയ്ക്ക് കേന്ദ്രം ഒരിക്കലും അനുമതി നൽകില്ലെന്നും' വി മുരളീധരൻ പറഞ്ഞു.