
കൗമുദി ഓൺലൈനിൽ തുടങ്ങിയ "പ്ലാനറ്റ് സെർച്ച് വിത്ത് എം എസ്" യാത്രാ പരിപാടിയുടെ രണ്ടാം ഭാഗം വളരെ കൗതുകകരവും, വിജ്ഞാനപ്രദവുമായ ദൃശ്യങ്ങളും, വിവരങ്ങളും കൊണ്ട് സമ്പന്നമാണ്. ബ്രസീലിലേക്കും അർജന്റീനയിലേക്കുമുള്ള യാത്രയുടെയും അവിടെ കഴിഞ്ഞ എപ്പിസോഡിൽ കണ്ട ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഇഗാസുവിന്റെയും കഥ തുടരുന്നു. ലോകാത്ഭുത സ്ഥാനത്തു നിൽക്കുമ്പോൾ ഐതിഹ്യങ്ങളുടെ തലോടൽ ഏൽക്കാറുണ്ട്.
ആ കഥകളിൽ ഒരു ദൈവത്തിനു ആദിവാസി സുന്ദരിയിൽ അഭിനിവേശം ജനിക്കുന്നതും അത് മറി കടന്നു പോകുന്ന സുന്ദരിക്കും കാമുകനുമെതിരെ പ്രതികാരം ചെയ്യുന്നതിന്റെ ഭാഗമായി നദിയെ രണ്ടായി വെട്ടിമുറിക്കുന്നതും അതോടെ വെള്ളച്ചാട്ടം തുടങ്ങുന്നതുമായാണ് പറഞ്ഞു വരുന്നത്. ഭൂമി ശാസ്ത്ര പഠനങ്ങൾ വേറെ കാര്യങ്ങൾ പറയുന്നു.
ചിലി ഒഴിച്ച് മറ്റു സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ കാണുന്ന സൗത്ത് അമേരിക്കൻ കോവാട്ടി എന്ന ജീവിയുടെ സവിശേഷ ജീവിത രീതികളും നമ്മൾ ഈ രണ്ടാം എപ്പിസോഡിൽ കാണുന്നു. സാധാരണ മരങ്ങളുടെ ഉയരങ്ങളിൽ സ്ഥാനമുറപ്പിക്കുന്ന ഈ ജീവിയെ വളരെ അടുത്ത് തന്നെ നമ്മൾ കാണുന്നു.
കാടിന്റെ ഏതു വന്യതയിലും വച്ച് ചിത്രശലഭങ്ങളെ തന്റെ കയ്യിലേക്ക് വരുത്തിക്കൊണ്ട് നടക്കുന്ന ഒരു ബാലനേയും നമ്മൾ പരിചയപ്പെടുന്നു. അവന്റെ മരിച്ചു പോയ അമ്മൂമ്മയെയാണ് അവൻ ഈ ചിത്രശലഭങ്ങളിലൂടെ കാണുന്നത് എന്നവൻ വിശ്വസിക്കുന്നു.
ചുവർ പരസ്യങ്ങൾ നിരോധിച്ചിരിക്കുന്ന സാന്റ് പോളോ നഗരത്തിൽ അതി മനോഹരമായ ചുവർ ചിത്രങ്ങൾ കൊണ്ടലങ്കരിച്ചിരിക്കുന്ന തെരുവുകൾ കാണുന്നു. ആദിവാസിക്കുട്ടികളുടെ പാട്ടും അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ദൈന്യതയും നമ്മൾ അറിയുന്നുണ്ട്. ബ്രസീലിന്റെ ആദിമ നിവാസികളുടെ ഒരു പ്രതിനിധിയായ യുവതി ഒരു സാരഥിയായും എത്തുന്നു.
ഫാഷൻ ബിസിനസിന്റെയും, മോഡൽ ആയി മാറിയ ശേഷം മൂന്ന് ആപ്പിൾ മാത്രം ആഹാരമായി കിട്ടി ആത്മഹത്യയുടെ വക്കിലെത്തിയ യുവതിയുടെ കഥയും, അവസാനം മോഡലിംഗ് വലിച്ചെറിഞ്ഞു തന്റെ അനുഭവങ്ങൾ പുസ്തകത്തിൽ പകർത്തിയ വിക്തവാ ഡിസയയുടെ ജീവിതവും നമ്മൾ കാണുന്നു.
ബ്രസീൽ അർജന്റീന ജീവിതത്തിന്റെ ഒരു പരിച്ഛേദമായ "പ്ലാനറ്റ് സെർച്ച് വിത്ത് എം എസ്" യാത്രാ പരിപാടിയിലേക്കാണ് കാണികളെ ഇവിടെ കൂട്ടിക്കൊണ്ടു പോകുന്നത്.