
2021-22ൽ കയറ്റുമതി വരുമാനം പുതിയ ഉയരത്തിൽ
ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതി വരുമാനം മാർച്ച് 31ന് സമാപിച്ച 2021-22 സാമ്പത്തികവർഷം എക്കാലത്തെയും ഉയരമായ 41,800 കോടി ഡോളറിലെത്തി. 40,000 കോടി ഡോളറായിരുന്നു കേന്ദ്രലക്ഷ്യം. പെട്രോളിയം ഉത്പന്നങ്ങൾ, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, ജെം ആൻഡ് ജുവലറി, കെമിക്കലുകൾ എന്നിവയ്ക്ക് ലഭിച്ച മികച്ച ഓർഡറുകളാണ് കഴിഞ്ഞവർഷം കുതിപ്പേകിയത്.
മാർച്ചിലെ മാത്രം കയറ്റുമതി വരുമാനം 3,400 കോടി ഡോളറാണ്. 2020-21ൽ കയറ്റുമതി 29,200 കോടി ഡോളറായിരുന്നു. മാർച്ച് 23ന് തന്നെ കേന്ദ്രലക്ഷ്യം കയറ്റുമതിമേഖല മറികടന്നിരുന്നു. അമേരിക്ക, യു.എ.ഇ., ചൈന, ബംഗ്ളാദേശ്, നെതർലൻഡ്‌സ് എന്നിവയാണ് ഇന്ത്യയുടെ മുഖ്യ വിപണികൾ.