vffv

കൊടുങ്ങല്ലൂർ: 75 കുപ്പി വ്യാജ മദ്യവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എറിയാട് മണപ്പാട്ടുച്ചാൽ തണ്ടാശ്ശേരി വീട്ടിൽ സിറിൾ (36), എറിയാട് മേനോൻ ബസാർ തേർപുരയ്ക്കൽ വീട്ടിൽ കറുമ്പൻ എന്ന മിഖിൽ (32) എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്. മദ്യം വിൽക്കാൻ ഉപയോഗിക്കുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.

തീരദേശ മേഖലയിൽ വ്യാജമദ്യം വ്യാപകമായി വിറ്റഴിക്കുന്നെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ എക്‌സൈസ് ഷാഡോ ടീം 'ഓപ്പറേഷൻ ബ്ലാക്ക്' എന്ന പേരിൽ നിരീക്ഷണം നടത്തിവരികയായിരുന്നു. ഡ്രൈ ഡേ ദിവസമായതിനാലും, കൊടുങ്ങല്ലൂർ ഭരണി ആഘോഷം ഉള്ളതിനാലും വ്യാപകമായി മദ്യം ഒഴുകുമെന്ന വിവരത്തിലായിരുന്നു റെയ്ഡ്.

എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.വി. ബെന്നി,​ എം.ആർ. നെൽസൺ,​ ഇന്റലിജൻസ് ഓഫീസർ പി.ആർ. സുനിൽകുമാർ,​ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.എം. പ്രിൻസ്,​ സി.വി. ശിവൻ,​ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എ. ബാബു,​ എം.പി. ജീവേഷ്,​ എസ്. അഫ്‌സൽ,​ പി.കെ. സജികുമാർ,​ എ.എസ്. രിഹാസ്,​ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ചിഞ്ചു പോൾ, എക്‌സൈസ് ഡ്രൈവർ സി.പി. സഞ്ജയ് എന്നിവരും ഉണ്ടായിരുന്നു.

കൂടുതൽ അറസ്റ്റ്,​ കഴിച്ചവർ ചികിത്സ തേടണം

അഴീക്കോട്, മേനോൻ ബസാർ, ലൈറ്റ് ഹൗസ്, കൊട്ടിക്കൽ, മഞ്ഞളിപ്പള്ളി, എറിയാട് മേഖലയിൽ അനധികൃത മദ്യവിൽപ്പന സജീവമാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു. അനധികൃത വ്യാജ സ്പിരിറ്റിൽ കളർ കലർത്തി വേണ്ടത്ര രസപരിശോധനകൾ ഒന്നുമില്ലാതെയാണ് വ്യാജമദ്യം ഉണ്ടാക്കുന്നത്. ഇത്തരം മദ്യം ഉപയോഗിച്ചാൽ കാഴ്ച നഷ്ടപ്പെടുകയോ മറ്റു വിപത്തുകൾ ഉണ്ടാവുകയോ ചെയ്യാം. മദ്യം വാങ്ങി ഉപയോഗിച്ചവർ ഉടൻ വൈദ്യസഹായം തേടേണ്ടതുണ്ടെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പറയുന്നു.

സ്റ്റിക്കർ വ്യാജൻ

ശിവകാശിയിൽ നിന്നോ കോയമ്പത്തൂർ നിന്നോ കെ.എസ്.ബി.സിയുടെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറും മദ്യത്തിന്റെ വ്യാജ ലേബലും നിർമ്മിച്ച് മദ്യത്തിന്റെ കുപ്പിയിൽ പതിച്ച് ഒറിജിനൽ എന്ന നിലയ്ക്കാണ് വ്യാജൻ വിൽപ്പന നടത്തുന്നത്.