
ഓച്ചിറ പരബ്രഹ്‌മോദയം നാടകസമിതിയിൽ നടനായ കൃഷ്‌ണൻകുട്ടി ഭാഗവതരുടെയും ജാനകിയമ്മയുടെയും മകനായി ആലപ്പുഴയിലെ കൈനകരിയിലാണ് തങ്കരാജിന്റെ ജനനം. കുട്ടിക്കാലം മുതലേ നാടകത്തിൽ നല്ല താൽപര്യമുണ്ടായിരുന്നു. എട്ടാംക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിലഭിനയിച്ചത്. യൗവനകാലത്ത് നാടകം തങ്കരാജിന് വളരെ പ്രധാനമായിരുന്നു. ഇടയ്‌ക്ക് സിനിമയിലും ഒരുകൈ നോക്കി. എന്നാൽ സിനിമയിൽ രണ്ടാം വരവിലാണ് മികച്ച കഥാപാത്രങ്ങൾ കൈനകരി തങ്കരാജിന് ലഭിച്ചത്.
നാടകമത്സരങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്ന തങ്കരാജ് അന്ന് ഫാസിൽ, നെടുമുടി വേണു, ആലപ്പി അഷറഫ് എന്നിവരുമൊത്ത് പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ യംഗ്‌സ്‌റ്റേഴ്‌സ് നാടക സമിതിയിലെ നാടകത്തിന് തിരുവനന്തപുരത്ത് ആക്‌ടിന്റെ മികച്ച നടനുളള അവാർഡ് നേടി. ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്‌സ് എന്നിങ്ങനെ നിരവധി നാടകട്രൂപ്പുകളിൽ പ്രവർത്തിച്ചു.
പ്രേംനസീർ നായകനായ ആനപ്പാച്ചനിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്രം. അച്ചാരം അമ്മിണി ഓശാരം ഓമന അടക്കം ചിത്രങ്ങളിൽ വേഷമിട്ടു. പിന്നീട് അൻവർ റഷീദ് സംവിധാനം ചെയ്‌ത അണ്ണൻ തമ്പിയിലൂടെയാണ് സിനിമയിലെ രണ്ടാം വരവ്. ലിജോ ജോസ് പെല്ലിശേരിയുടെ ആമേനിൽ ചാലി പാപ്പനായും ലിജോയുടെ തന്നെ ഈ.മ.യൗവിലെ വാവച്ചൻ മേസ്‌തിരിയും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ലൂസിഫറിൽ നെടുമ്പളളി കൃഷ്‌ണനായും വേഷമിട്ടു. കരൾരോഗത്തെ തുടർന്ന് കേരളപുരത്തെ വീട്ടിൽവച്ചാണ് ഇന്ന് തങ്കരാജ് അന്തരിച്ചത്.