
തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെയുള്ള പ്രചാരണത്തിലൂടെ ഫെഡറൽ തത്വത്തിന്റെ ലംഘനം നടത്തുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമർശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സുഭാഷ് ചന്ദ്ര ബോസിനെപ്പോലെയുള്ള മഹാന്‍മാരെ ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കി എന്നു വിളിച്ചവര്‍ തന്നെപ്പോലുള്ളവര്‍ക്കെതിരേ അധിക്ഷേപം നടത്തുന്നതില്‍ തനിക്ക് യാതൊരു അദ്ഭുതവുമില്ലെന്ന് വി. മുരളീധരന്‍ വ്യക്തമാക്കി.
കേരളത്തിനുവേണ്ടി താന്‍ എന്തുചെയ്തു എന്നറിയണമെങ്കില്‍ യുക്രെയിനില്‍ നിന്ന് വന്ന വിദ്യാര്‍ഥികളോട് ചോദിച്ചാല്‍ മതിയെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ലൈനിന്റെ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ അവരെ പോയി നേരിട്ടു കാണുന്നതില്‍ സി.പി.എം എന്തിന് ഇത്രമാത്രം അസ്വസ്ഥത പ്രകടിപ്പിക്കുന്നു എന്നത് ഇതുവരെ മനസിലായിട്ടില്ല. ഈ പദ്ധതി വികസനമാണോ ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്നതാണോ എന്നത് സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്.ഞാന്‍ കേരളത്തിനുവേണ്ടി എന്തുചെയ്തു എന്നറിയണമെങ്കില്‍ യുക്രെയിനില്‍ നിന്ന് തിരിച്ചുവന്ന കുട്ടികളോടും ദക്ഷിണാഫ്രിക്കയിലെ സീഷെല്‍സില്‍ നിന്ന് സര്‍ക്കാരിന്റെ ശ്രമഫലമായി രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളോടും ചോദിച്ചാല്‍ മതിയെന്നും മുരളീധരൻ പറഞ്ഞു.
അതുകൊണ്ട് ഫെഡറല്‍ തത്വം എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ട. ഇതിനേക്കാള്‍ അപ്പുറത്തുള്ള ആരോപണങ്ങള്‍ സി.പി.എം പലര്‍ക്കുമെതിരെ ഉന്നയിച്ചിട്ടുണ്ട്. കെ റെയിലിനെതിരായ സമരത്തിന് പിന്നില്‍ നില്‍ക്കുന്ന ആളുകളെ തീവ്രവാദികള്‍ എന്നുവിളിച്ചാണ് ആക്ഷേപിച്ചത്. പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമാണ്. അതു സ്വാതന്ത്ര്യത്തിന് മുമ്പ് തുടങ്ങിയതാണ്. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മഹാന്‍മാരെ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി എന്നു വിളിച്ചവര്‍ എന്നെ ഫെഡറല്‍ തത്വം ലംഘിച്ചു എന്നു പറഞ്ഞു എന്നെ അധിക്ഷേപിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.