
മുംബയ്: മുസ്ളിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് മഹാരാഷ്‌ട്ര നവനിർമാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
'എന്തിനാണ് ഇത്രയും ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്. ഇത് നിറുത്തിയില്ലെങ്കിൽ പള്ളികൾക്ക് പുറത്ത് ലൗഡ് സ്പീക്കറിലൂടെ ഹനുമാൻ ചാലിസ വായിക്കും'.-മുംബയ് ശിവാജി പാർക്കിൽ അനുയായികളെ അഭിസംബോധന ചെയ്യവെ താക്കറെ പറഞ്ഞു.
'ഏതെങ്കിലും മതത്തിനോ പ്രാർത്ഥനകൾക്കോ ഞാൻ എതിരല്ല. തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ എതിർത്ത ശക്തികളുമായി യോജിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വോട്ടർമാരെ വഞ്ചിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ചപ്പോൾ ഉദ്ധവ് ഒരക്ഷരം മിണ്ടിയില്ലെന്നും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് ആശയുണ്ടായതും പ്രതിപക്ഷത്തിനൊപ്പം ചേർന്നതെന്നും' രാജ് താക്കറെ കുറ്റപ്പെടുത്തി.
എൻ.സി.പി രൂപീകരിച്ചത് മുതൽ സംസ്ഥാനത്ത് ജാതി വിദ്വേഷം പടർത്തുകയാണെന്നും താക്കറെ ആരോപിച്ചു.