
കൊച്ചി: രാജ്യത്ത് പ്രതിമാസ യു.പി.ഐ ഇടപാടുകൾ ചരിത്രത്തിൽ ആദ്യമായി 500 കോടി കടന്നു. കഴിഞ്ഞമാസം 540.56 കോടി ഇടപാടുകളാണ് നടന്നത്; 9.60 ലക്ഷം കോടി രൂപയാണ് ഇടപാട് മൂല്യം.
ഫെബ്രുവരിയിൽ നടന്നത് 8.26 ലക്ഷം കോടി രൂപയുടെ 452.74 കോടി ഇടപാടുകളായിരുന്നുവെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വ്യക്തമാക്കി. 2021-22ൽ ആകെ യു.പി.ഐ ഇടപാടുമൂല്യം 84.17 ലക്ഷം കോടി രൂപയാണ്; ഡോളർ നിരക്കിൽ മൂല്യം ഒരുലക്ഷം കോടി കടന്നു. 2019 ഒക്‌ടോബറിലാണ് പ്രതിമാസ ഇടപാട് ആദ്യമായി 100 കോടി കടന്നത്. കൊവിഡിൽ, ഡിജിറ്റൽ പണമിടപാടുകൾ വൻ സ്വീകാര്യത നേടിയത് പിന്നീട് നേട്ടമായി.
ഒട്ടുമിക്ക ബാങ്കുകളും യു.പി.ഐ സേവനം ലഭ്യമാക്കുന്നുണ്ട്. രാജ്യത്ത് 20,000 രൂപയ്ക്കുമേലുള്ള ഇടപാടുകളുടെ എണ്ണം പ്രതിദിനം ശരാശരി 17 കോടിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.