
കറാച്ചി: ഇന്ത്യയുടെ രാജ്യതലസ്ഥാനം ന്യൂഡൽഹി എന്നാണെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. പാകിസ്ഥാന്റേത് ഇസ്ലമാബാദും. എന്നാൽ ഇസ്ലമാബാദിനെ കൂടാതെ പാകിസ്ഥാന് മറ്റൊരു അനൗദ്യോഗിക രഹസ്യ തലസ്ഥാനം കൂടിയുണ്ടെന്ന വസ്തുത എത്രപേർക്കറിയാം? റാവൽപിണ്ടിയാണ് പാകിസ്ഥാന്റെ ഈ അനൗദ്യോഗിക തലസ്ഥാനം. വേറെയൊന്നും കൊണ്ടല്ല ഇങ്ങനെ പറയുന്നത്; ഇസ്ലമാബാദ് പാകിസ്ഥാന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭരണകേന്ദ്രമാണെങ്കിൽ റാവൽപിണ്ടി സൈനിക നേതൃത്വത്തിന്റെ കേന്ദ്രമാണ്.
പാകിസ്ഥാന്റെ ഏറ്റവും വലിയ ശാപവും രാജ്യഭരണത്തിൽ വരുന്ന ഈ രണ്ട് വ്യത്യസ്ഥ ഘടകങ്ങളാണ്. പാകിസ്ഥാനിൽ ഇന്നേ വരെ ജനാധിപത്യപരമായി അധികാരത്തിൽ എത്തിയ ഒരു പ്രധാനമന്ത്രിയും തന്റെ കാലാവധി പൂർത്തിയാക്കിയിട്ടില്ല. രണ്ട് തവണ പട്ടാള ഭരണത്തിലൂടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച രാജ്യത്തിന്, രാജ്യഭരണ തലവനെ വകവരുത്തിയ ചരിത്രം കൂടിയുണ്ട്. ഇമ്രാൻ ഖാന് ഇനി അധികാരം നഷ്ടമായാൽ കൂടി അത് പാകിസ്ഥാൻ ചരിത്രത്തിലെ ഒരു നാഴികകല്ലായി തീരും. കാരണം കാലാവധി പൂർത്തിയാക്കുന്നില്ലെങ്കിൽ കൂടി ജനാധിപത്യപരമായ ഒരു തിരഞ്ഞെടുപ്പിൽ കൂടിയാണ് ഇമ്രാൻ ഖാന് തന്റെ അധികാരം നഷ്ടപ്പെടുന്നത്, പാകിസ്ഥാനിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാര്യമാണിത്.
പാകിസ്ഥാനിൽ സൈന്യത്തിന് ഭരണകാര്യങ്ങളിൽ ഉള്ള സ്വാതന്ത്ര്യം തന്നെയായിരുന്നു ഇതുവരെയും അവിടെ നിലനിന്നിരുന്ന ഏറ്റവും വലിയ പ്രശ്നവും. ഇസ്ലമാബാദ് എടുക്കുന്ന പല തീരുമാനങ്ങളും റാവൽപിണ്ടിക്ക് സ്വീകാര്യമായിരുന്നില്ല, പ്രത്യേകിച്ച് ഇന്ത്യയുമായും കാശ്മീരുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ. നവാസ് ഷരീഫ് അധികാരത്തിൽ ഇരുന്ന അവസരത്തിൽ ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കുന്നതിന് നടത്തിയ ശ്രമങ്ങളാണ് ഒരുകണക്കിന് പർവേസ് മുഷറഫിന്റെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിന് വഴിവച്ചത്. നവാസ് ഷരീഫ് ഇന്ത്യയുമായി സൗഹൃദ ചർച്ചകൾ നടത്തുമ്പോൾ മുഷറഫ് കാശ്മീരിലേക്ക് നുഴഞ്ഞുകയറുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു. പിൽക്കാലത്ത് കാർഗിൽ യൂദ്ധത്തിലേക്ക് വഴിതെളിച്ചതും ഇതേ കാരണങ്ങളാണ്.
പട്ടാള നേതൃത്വത്തെ പ്രീതിപ്പെടുത്തി നിർത്താതെ പാകിസ്ഥാനിൽ ഒരു പ്രധാനമന്ത്രിക്കും സമാധാനമായി ഭരണം നടത്താൻ സാധിച്ചിട്ടില്ല. ആ സ്ഥിതിയിൽ കുറച്ച് മാറ്രം വന്നത് ഇമ്രാൻ ഖാൻ അധികാരത്തിൽ എത്തിയതിന് ശേഷം മാത്രമാണ്. താൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും പാക് പട്ടാളം ഒരു കാരണവശാലും ഭരണകാര്യങ്ങളിൽ ഇടപെടില്ലെന്നും നിലവിലെ സൈനിക തലവൻ ഖമർ ജാവേദ് ബജ്‌വ നിരന്തരം വ്യക്തമാക്കിയിരുന്ന കാര്യമാണ്. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിമാരെ പോലെ ഇമ്രാൻ ഖാന് അധികാരം നഷ്ടമാകുന്നത് പട്ടാളത്തിന്റെ അപ്രീതി കാരണമല്ലെന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് കുതിച്ചുയരുന്ന അവശ്യ സാധനങ്ങളുടെ വിലകയറ്റവും സാമ്പത്തിക പ്രതിസന്ധിയും തുടങ്ങിവച്ച് പ്രക്ഷോഭങ്ങൾ പാകിസ്ഥാൻ ദേശീയ കൗൺസിലിൽ ഇമ്രാന്റെ ഭൂരിപക്ഷം കുറയാൻ കാരണമായി തീരുകയായിരുന്നു.
ദേശീയ കൗൺസിൽ പിരിച്ചുവിട്ട് മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ഇമ്രാന്റെ തീരുമാനം വലിയ പ്രാധാന്യം അർഹിക്കുന്നതും ഇതൊക്കെ കൊണ്ടാണ്. തിരഞ്ഞെടുപ്പിൽ ഇമ്രാൻ വിജയിച്ചാലും ഇല്ലെങ്കിലും ആത്യന്തികമായി അത് ജനാധിപത്യത്തിന്റെ വിജയമായി കണക്കാക്കപ്പെടും. പാകിസ്ഥാന് ഒട്ടും പരിചയമില്ലാത്ത ഒരു സാഹചര്യം കൂടിയാണ് അത്.