kk

കൊളംബോ: രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്കവസാനം ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതായി അഭ്യൂഹം. പ്രസിഡന്റ് ഗോതബായ രജപക്‌സെയ്ക്ക് പ്രധാനമന്ത്രി രാജിക്കത്ത് നൽകിയതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം രാജി വാർത്ത നിഷേധിച്ച് മഹിന്ദ രജപക്സെയുടെ ഓഫീസ് രംഗത്തെത്തി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്. ഊര്‍ജപ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്. പെരാദെനിയ സര്‍വകലാശാലയ്ക്കു പുറത്ത് വാരന്ത്യ കര്‍ഫ്യൂവിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.തലസ്ഥാനമായ കൊളംബോയില്‍ പ്രതിപക്ഷ നേതാക്കള്‍ ധര്‍ണ നടത്തുകയും ചെയ്തു. നൂറിലധികം ആളുകള്‍ ഈ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ മാര്‍ച്ച്, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വീടിന് സമീപത്തുവെച്ച് പോലീസിന്റെയും പട്ടാളത്തിന്റെയും വന്‍സംഘം തടഞ്ഞു.