
ന്യൂഡൽഹി: മുസ്ലിം വിരുദ്ധ പ്രസംഗവുമായി വിവാദ സന്യാസി യതി നരസിംഹാനന്ദ് വീണ്ടും രംഗത്ത്. ഇന്ത്യയിൽ മുസ്ളിം പ്രധാനമന്ത്രി വന്നാൽ 50 ശതമാനം ഹിന്ദുക്കളെയും മതംമാറ്റുമെന്നും ബാക്കി 40 ശതമാനം പേരെ കൊന്നൊടുക്കുകയും ശേഷിക്കുന്ന 10 ശതമാനത്തെ അഭയാർത്ഥികളായി നാടുകടത്തുകയും ചെയ്യുമെന്ന് യതി നരസിംഹാനന്ദ് പറഞ്ഞു. ന്യൂഡൽഹിയിലെ ബുരാരി മൈതാനത്ത് വച്ച് നടന്ന ഹിന്ദു മഹാപഞ്ചായത്തിലായിരുന്നു ദസ്നാ ദേവി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ യതി നരസിംഹാനന്ദിന്റെ വിവാദ പ്രസംഗം. മുമ്പും മുസ്ളിം വിരുദ്ധ പ്രസംഗങ്ങൾ നടത്തി കുപ്രസിദ്ധി നേടിയിട്ടുള്ള വ്യക്തിയാണ് നരസിംഹാനന്ദ്.
ഇന്ന് നടന്ന മഹാപഞ്ചായത്ത് സംഘടിപ്പിച്ച അതേ വ്യക്തികൾ തന്നെയാണ് ഇതിന് മുമ്പ് ഹരിദ്വാറിലും ജന്തർ മന്ദിറിലും സമാനമായ മഹാപഞ്ചായത്തുകൾ നടത്തിയത്. ഈ മഹാപഞ്ചായത്തുകളിൽ മുസ്ളിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചത് നേരത്തെ വിവാദമായിരുന്നു. ഹരിദ്വാറിൽ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തെ തുടർന്ന് നരസിംഹാനന്ദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് നരസിംഹാനന്ദ് അടുത്ത വിവാദ പ്രസംഗവുമായി എത്തിയിരിക്കുന്നത്.
2029, 2034, 2039 എന്നീ വർഷങ്ങളിൽ ഏതെങ്കിലും ഒന്നിലും ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും അങ്ങനെ സംഭവിച്ചാൽ രാജ്യത്തെ ഹിന്ദുക്കൾ മതം മാറുകയോ കൊല്ലപ്പെടുകയോ അഭയാർത്ഥികളായി വിദേശ രാജ്യങ്ങളിൽ അഭയം തേടേണ്ടി വരികയോ ചെയ്യേണ്ടി വരുമെന്ന് നരസിംഹാനന്ദ് പറഞ്ഞു. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിന് രാജ്യത്തെ ഹിന്ദുക്കൾ ആയുധം എടുക്കണമെന്നും നരസിംഹാനന്ദ് ആഹ്വാനം ചെയ്തു. ഇല്ലെങ്കിൽ അടുത്ത 20 വർഷത്തിനുള്ളിൽ താൻ പറഞ്ഞത് സംഭവിക്കുമെന്നും നരസിംഹാനന്ദ് കൂട്ടിച്ചേർത്തു.