rajapaksa

കൊളംബോ: ശ്രീലങ്കയിൽ മഹിന്ദ രാജപക്‌സെ സർക്കാരിലെ മന്ത്രിമാർ രാജിവച്ചു. രാജപക്‌സെ പ്രധാനമന്ത്രിയായി തുടരും. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രിമാർ രാജിക്കത്ത് നൽകിയതായി വിദ്യാഭ്യാസ മന്ത്രിയും സഭാനേതാവുമായ ദിനേശ് ഗുണവർധന മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. 26 മന്ത്രിമാരുടെ രാജിക്കത്ത് സ്വീകരിച്ചെന്ന് രാജപക്‌സെ അറിയിച്ചു.

രാജിവച്ചവരിൽ പ്രധാനമന്ത്രിയുടെ മകൻ നമൽ രാജപക്സെയും ഉൾപ്പെടുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കുകയാണെന്ന് നമൽ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി ഉടന്‍ തന്നെ പ്രസിഡന്റ് ഗോതബായ രാജപക്‌സെയെ കണ്ട് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തും.

മഹിന്ദ രാജപക്സെ രാജിവച്ചതായി ഇന്നലെ അഭ്യൂഹം ഉണ്ടായിരുന്നു. പ്രസിഡന്റ് ഗോതബായ രാജപക്‌സെയ്ക്ക് പ്രധാനമന്ത്രി രാജിക്കത്ത് നൽകിയതായി ശ്രീലങ്കൻ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് രാജി വാർത്ത നിഷേധിച്ചിരുന്നു.

ശ്രീലങ്കയില്‍ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. രാജ്യത്ത് ഊര്‍ജപ്രതിസന്ധിയും രൂക്ഷമാണ്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യമെമ്പാടും സൈന്യവും പൊലീസും നിലയുറപ്പിച്ചിരിക്കുകയാണ്.