yati-narsinghanand

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഹിന്ദു മഹാപഞ്ചായത്തിൽ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ വിവാദ സന്യാസി യതി നരസിംഹാനന്ദിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 188 വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിനെതിരെയുള്ള വകുപ്പാണ് 153 എ. ഇത് കൂടാതെ മാദ്ധ്യമപ്രവർത്തകരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ കൂടി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ഇന്ത്യയിൽ മുസ്ലിം വിഭാഗത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി വന്നാൽ രാജ്യത്തെ 50 ശതമാനം ഹിന്ദുക്കളെ മതം മാറ്റുമെന്നും ബാക്കി 40 ശതമാനം പേരെ കൊന്നൊടുക്കുകയും ശേഷിക്കുന്ന 10 ശതമാനത്തെ അഭയാർത്ഥികളായി നാടുകടത്തുകയും ചെയ്യുമെന്നുമാണ് യതി നരസിംഹാനന്ദ് പറഞ്ഞത്. ന്യൂഡൽഹിയിലെ ബുരാരി മൈതാനത്ത് വച്ച് നടന്ന ഹിന്ദു മഹാപഞ്ചായത്തിലായിരുന്നു ദസ്നാ ദേവി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ യതി നരസിംഹാനന്ദിന്റെ വിവാദ പ്രസംഗം.

മുമ്പും മുസ്ലിം വിരുദ്ധ പ്രസംഗങ്ങൾ നടത്തി കുപ്രസിദ്ധി നേടിയിട്ടുള്ള വ്യക്തിയാണ് നരസിംഹാനന്ദ്. ഇതിന് മുമ്പ് ഹരിദ്വാറിലും ജന്തർ മന്ദിറിലും മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചത് വൻ വിവാദം ആയിരുന്നു. ഹരിദ്വാറിൽ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തെ തുടർന്ന് 2021 ഡിസംബറിൽ നരസിംഹാനന്ദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

2029, 2034, 2039 എന്നീ വർഷങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. അങ്ങനെ സംഭവിച്ചാൽ രാജ്യത്തെ ഹിന്ദുക്കൾ മതം മാറുകയോ കൊല്ലപ്പെടുകയോ അഭയാർത്ഥികളായി വിദേശ രാജ്യങ്ങളിൽ അഭയം തേടേണ്ടി വരികയോ ചെയ്യുമെന്നാണ് നരസിംഹാനന്ദ് പറഞ്ഞത്. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിന് രാജ്യത്തെ ഹിന്ദുക്കൾ ആയുധം എടുക്കണമെന്നും നരസിംഹാനന്ദ് ആഹ്വാനം ചെയ്തിരുന്നു. ഇല്ലെങ്കിൽ അടുത്ത 20 വർഷത്തിനുള്ളിൽ താൻ പറഞ്ഞത് സംഭവിക്കുമെന്നും നരസിംഹാനന്ദ് കൂട്ടിച്ചേർത്തിരുന്നു.