
കൊല്ലം: കാറിടിച്ചത് ചോദ്യം ചെയ്‌ത തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്‌ടറെ മൂവർ സംഘം ക്രൂരമായി മർദിച്ചു. സംഭവത്തിൽ മൂന്ന് അക്രമികളും പിടിയിലായി. മർദനത്തിൽ പരിക്കേറ്റ ഇന്‍സ്‌പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ വച്ചാണ് പരവൂര്‍ സ്വദേശിയായ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടർ ബിജുവിന് മർദനമേറ്റത്. കഴിഞ്ഞ ദിവസം വെെകിട്ടായിരുന്നു സംഭവം. ബിജു സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ മറ്റൊരു കാര്‍ വന്നിടിച്ചതിനെ ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്.
ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ജയചന്ദ്രനും നാട്ടുകാരും ചേർന്ന് ബിജുവിനെ അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും വീണ്ടും ഇവരെത്തി മര്‍ദിച്ചു. പിന്നാലെ പൊലീസെത്തി ഇന്‍സ്‌പെക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.