
പ്രമുഖ വ്യവസായിയും മഹീന്ദ്ര കമ്പനിയുടെ ചെയർമാനുമായ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകൾക്ക് ആരാധകർ ഏറെയാണ്. രസകരമായ ചിത്രങ്ങളും അവയ്‌ക്ക് നൽകുന്ന കിടിലൻ ക്യാപ്ഷനുമാണ് ആനന്ദിന്റെ പോസ്റ്റുകൾ വൈറലാക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യയിലെന്തുകൊണ്ട് ഇത്രയധികം ടൂ വീലർ ഉല്പാദിപ്പിക്കുന്നുവെന്നതിന്റെ ഉത്തരമാണ് അദ്ദേഹം ഒരു ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന തമിഴ്‌നാട്ടിലെ ഒരു യാത്രികന്റെ ചിത്രമാണ് ആനന്ദ് പങ്കുവച്ചിരിക്കുന്നത്.
ബൈക്കിന്റെ മുൻഭാഗത്ത് നിറയെ പായകൾ അടുക്കി വച്ചിട്ടുണ്ട്. അതിന്റെ മുകളിലാണ് ഭാര്യ ഇരിക്കുന്നത്. ഭാര്യയുടെ കൈകളിലുമുണ്ട് പായകൾ. പുറക് വശത്ത് രണ്ട് തട്ടുകളിലായി നല്ല ഉയരത്തിൽ പ്ലാസ്റ്റിക് കസേരകൾ കെട്ടി വച്ചിരിക്കുകയാണ്.
''ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ ബൈക്ക് ഉൽപാദിപ്പിക്കാൻ കാരണം എന്താണെന്ന് ഇപ്പോൾ നിങ്ങൾക്കു മനസിലായിക്കാണും. ഒരു ചക്രത്തിന്റെ ഓരോ ഇഞ്ചിലും എത്രത്തോളം സാധനങ്ങൾ കൊണ്ടുപോകാമെന്ന് നമ്മൾക്ക് അറിയാം. നമ്മൾ അങ്ങനെയാണ്...'' ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
Now you know why India makes the most two-wheelers in the world. We know how to carry the highest volume of cargo per square inch of wheel…We are like that only… #Sunday pic.twitter.com/3A0tHk6IoM
— anand mahindra (@anandmahindra) April 3, 2022
നിരവധി പേരാണ് രസകരമായ കമന്റുകളും കുറിച്ചിരിക്കുന്നത്. ജീവിതത്തെയും ബൈക്കിനെയും ഇത്രയും നന്നായി ബാലൻസ് ചെയ്യുന്ന ആളിന് പുതിയൊരു മഹീന്ദ്ര എക്സ്‌യുവി 700 സമ്മാനിച്ചു കൂടെയെന്ന് ചോദിക്കുന്നവരുമുണ്ട്.
കഴിഞ്ഞ ആഴ്ചയിലും കൗതുകമുണർത്തുന്ന ഒരു വീഡിയോ ആനന്ദ് പങ്കുവച്ചിരുന്നു. വലിയ ഭാരക്കെട്ടുമായി സൈക്കിളിൽ പോകുന്ന ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ ഇരുകൈകളും ഹാൻഡിലിൽ പിടിക്കുന്നതിന് പകരം തലയിൽ ഇരിക്കുന്ന ഭാരക്കെട്ടിലാണ് പിടിച്ചിരിക്കുന്നത്.
അനായാസമായി വളവും തിരിവുമെല്ലാം കാലുകൾ ഉപയോഗിച്ച് ബാലൻസ് ചെയ്താണ് അദ്ദേഹം പോകുന്നത്. കായികലോകത്തിന്റെ നഷ്ടമാണെന്നായിരുന്നു അന്ന് ആനന്ദ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.