kv-thomas

ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ കെ വി തോമസ് പങ്കെടുക്കേണ്ടെന്ന് എ ഐ സി സി. നേതാക്കൾ കെ പി സി സി തീരുമാനത്തോടൊപ്പം നിൽക്കണം. മുൻ നിലപാടിൽ മാറ്റമില്ലെന്നും പ്രത്യേകിച്ച് നിർദേശം നൽകില്ലെന്നും എ ഐ സി സി വ്യക്തമാക്കി.


കെ പി സി സി വിലക്ക് ലംഘിച്ചുകൊണ്ട് കെ വി തോമസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് രാവിലെ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞിരുന്നു. പങ്കെടുക്കുന്ന കാര്യം എ ഐ സി സിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും അനുമതി ആവശ്യപ്പെട്ട് താൻ സോണിയാ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ടെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം.


'അവർ പത്തിരുപത് ദിവസം മുൻപ് ക്ഷണക്കത്ത് അയച്ചതാണ്. ആലോചിച്ച് പറയാമെന്നാണ് ഞാൻ അവരോട് പറഞ്ഞത്. കത്ത് കിട്ടിയ ഉടൻ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്നലെ സോണിയ ഗാന്ധിയും യെച്ചൂരിയുമൊക്കെയാണ് സ്റ്റാലിന്റെ പരിപാടിയിൽ പങ്കെടുത്തത്. ഇത് സി പി എമ്മിന്റെ ദേശീയ സമ്മേളനമാണ്. എ ഐ സി സി തീരുമാനമെടുക്കട്ടെ. പ്രതികരണം വരട്ടെ.' എന്നായിരുന്നു കെ വി തോമസ് പറഞ്ഞത്.