muttil-maram-muri-case

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ ആരോപണവിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർ എൻ ടി സാജന്റെ നിയമനം സ്റ്റേ ചെയ്തു. സാജനെ ചീഫ് കൺസർവേറ്ററുടെ തസ്തികയിൽ നിയമിച്ച സർക്കാർ നടപടിയെ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്.

ദക്ഷിണമേഖലാ ചീഫ് കൺസർവേറ്ററായിരുന്ന സഞ്ജയൻ കുമാർ നൽകിയ ഹർജിയിലാണ് നടപടി. നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഹർജി. വിഷയത്തിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിന്റെ മറുപടി തേടിയിരിക്കുകയാണ്. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. മുൻപ് സാജനെ അപ്രധാനമായ തസ്തികയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പാക്കിയിരുന്നില്ല. എന്നാൽ സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ വിനോദ് കുമാറിന് അപ്രധാന തസ്തികയായ സോഷ്യൽ ഫോറസ്ട്രിയുടെ ചുമതല നൽകുകയും ചെയ്തിരുന്നു. വിനോദ് കുമാറിന്റെ നിയമനവും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞു.

മുട്ടിൽ മരംമുറി കണ്ടെത്തുകയും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത വിനോദ് കുമാ‌ർ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. കേസന്വേഷണം പൂർത്തിയാകാനിരിക്കെ ചട്ടങ്ങൾ ലംഘിച്ച് വിനോദ് കുമാറിനെ സ്ഥലം മാറ്റുകയായിരുന്നു.