പുതുതലമുറയിൽ കൈയടി നേടുന്ന നടിയാണ് ഗ്രേസ് ആന്റണി. കിട്ടുന്ന വേഷങ്ങളിലെല്ലാം സ്വന്തം പ്രതിഭയുടെ കയ്യൊപ്പ് ചാർത്തിയ അഭിനേത്രി. പ്രശസ്ത ചിത്രസംയോജകനായ ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന 'പടച്ചോനേ ങ്ങള് കാത്തോളീ..." എന്ന ചിത്രത്തിന്റെ കോഴിക്കോട്ടെ ലൊക്കേഷനിലാണ് ഗ്രേസ്. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും ഗ്രേസ് എന്നാണ്. സ്വന്തം പേരിൽത്തന്നെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരമാണ് ഗ്രേസിനെ തേടിയെത്തിയത്. നാട്ടുമ്പുറത്തുകാരിയായ ഒരു ഇടതു പക്ഷ പ്രവർത്തകയുടെ കഥാപാത്രത്തെയാണ് ഗ്രേസ് അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദിനേശൻ മാസ്റ്ററുടെ സുഹൃത്ത് വലയത്തിലെ പ്രധാനിയാണ് ഗ്രേസ്.
ഒമർ ലുലു സംവിധാനം ചെയ്ത 'ഹാപ്പി വെഡിംഗ്" എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അരങ്ങേറ്റം കുറിച്ചത്. കാലടി ശ്രീശങ്കരാ കോളേജിൽ ഭരതനാട്യത്തിൽ ബിരുദ പഠനത്തിന്റെ രണ്ടാം വർഷമായിരുന്നു സിനിമയിലേക്കുള്ള യാത്ര. കുമ്പളങ്ങി നൈറ്റ്സ്, തമാശ, സാജൻ ബേക്കറി തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികവുറ്റ അഭിനയമായിരുന്നു ഗ്രേസ് കാഴ്ച വച്ചത്. ശ്രീനാഥ് ഭാസി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ചട്ടമ്പി", സണ്ണി വയ്ൻ നായകനായ 'അപ്പൻ" എന്ന ചിത്രവും ഇതിനകം പൂർത്തിയായിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ എത്തിയ നിവിൻ പോളി നായകനായ 'കനകം മൂലം കാമിനി മൂലം" എന്ന ചിത്രവും ഗ്രേസ് എന്ന നടിയുടെ പോപ്പുലാറിറ്റിയെ ഏറെ സഹായിച്ചു എന്നു തന്നെ പറയാം. ഗ്രേസിന്റെ വിശേഷങ്ങൾ.
സിനിമയെ എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നത്?
സിനിമയോടു മാത്രമല്ല, കലയെ തന്നെ ജീവിതത്തിന്റെ ഭാഗമായാണ് കാണുന്നത്. സിനിമകൾ കമ്മിറ്റ് ചെയ്യുമ്പോൾ തന്നെ ആ കഥാപാത്രത്തിന്റെ സമീപനത്തെ മുൻനിർത്തിയാണ് ആലോചിക്കുന്നതും ചെയ്യണമെന്ന തീരുമാനമെടുക്കുന്നതും. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പ്രാധാന്യം, സമൂഹത്തോടുള്ള ഉത്തരവാദിത്തം, പ്രതിബദ്ധത എന്നിവയ്ക്കൊക്കെ പ്രാധാന്യം നൽകാറുണ്ട്. കൃത്യമായി മനസിലാക്കാൻ ശ്രമിക്കാറുമുണ്ട്.
ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രങ്ങളുണ്ടോ?
ഇന്ന കഥാപാത്രം അഭിനയിക്കണമെന്നില്ല. അങ്ങനെ പ്രത്യേകിച്ചും സ്വപ്നങ്ങളൊന്നുമില്ല. ചെയ്യുന്ന കഥാപാത്രങ്ങൾ മികവോടെ ചെയ്യണമെന്നും അവ പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കണമെന്നുമേ ഉള്ളൂ മനസിൽ. അങ്ങനെ പ്രേക്ഷകരുടെഉള്ളിൽ എന്നും നിലനിൽക്കുന്ന കഥാപാത്രങ്ങളാണ് ഏതൊരഭിനേതാവിനും കരുത്താകുന്നത്. നമ്മുടെ കാഴ്ചപ്പാട് കൃത്യമാണെങ്കിൽ അതിനനുസരിച്ചുള്ള കഥാപാത്രങ്ങൾ വന്നു ചേരുമെന്നാണ് എന്റെ വിശ്വാസവും അനുഭവവും. 'പടച്ചോനേ ഇങ്ങള് കാത്തോളി" എന്ന ചിത്രം തികഞ്ഞ സറ്റയറാണ്. നാട്ടിൻപുറത്തെ ഒരു സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി നോക്കുന്ന അദ്ധ്യാപകനായ ദിനേശൻ മാസ്റ്ററുടെ ആ ജോലി സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്. ഇതിന്റെ പിന്നിലെ രാഷ്ട്രീയ ഇടപെടലുകളാണ് തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്കിഷ്ടപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ.
ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തകയുടെ കഥാപാത്രം ഇതാദ്യമായിട്ടാണല്ലോ അവതരിപ്പിക്കുന്നത്?
അതേ. ഇതു വരെ ചെയ്തു വന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ്. ഇതിന് മുമ്പ് ചെയ്ത കഥാപാത്രങ്ങളെല്ലാം കുടുംബങ്ങളുമായി ബന്ധപ്പെട്ടതായിരുന്നുവെങ്കിൽ ഈ സിനിമയിലെ ഗ്രേസ് എന്ന കഥാപാത്രം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരു ജനകീയ കഥാപാത്രം കൂടിയാണ്. അതിനെ ഉൾക്കൊള്ളാൻ കഴിയുന്നത്ര രീതിയിൽ ശ്രമിച്ചിട്ടുണ്ട്.