
കൊളംബോ: ശ്രീലങ്കയിൽ മന്ത്രിമാരുടെ കൂട്ടരാജിയെത്തുടർന്ന്, താൽകാലിക മന്ത്രിസഭ രൂപീകരിക്കുന്ന നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി പുതിയ മന്ത്രിസഭയിലെ നാലു മന്ത്രിമാർ പ്രസിഡന്റിനു മുൻപാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. ആദ്യ പട്ടികയിൽ രാജപക്‌സെ കുടുംബത്തിലെ അംഗങ്ങളാരുമില്ല. നിർണായക സ്ഥാനങ്ങളിലേക്ക് രാജപക്‌സെ കുടുംബത്തിലെ അംഗങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഇടക്കാല സർക്കാരാണ് രൂപീകരിച്ചിരിക്കുന്നത്. അതേസമയം പ്രതിഷേധം കൊളംബോയ്ക്ക് പുറത്തേക്ക് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ സർവകക്ഷി സർക്കാർ ഉണ്ടാക്കി പ്രതിസന്ധി നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി സർക്കാരിൽ ചേരാൻ പ്രതിപക്ഷ പാർട്ടികളെയും പ്രസിഡന്റ് ഗോതബായ രാജപക്‌സെ ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ താൽകാലിക സർക്കാർ രൂപീകരിച്ചിരിക്കുന്നത്. മുൻ മന്ത്രിസഭയിൽ നിന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ 26 മന്ത്രിമാർ രാജിവച്ചിരുന്നു.
ശ്രീലങ്കയിൽ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. രാജ്യത്ത് ഊർജ പ്രതിസന്ധിയും രൂക്ഷമാണ്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യമെമ്പാടും സൈന്യത്തിനെയും പൊലീസിനെയും വിന്യസിച്ചിരിക്കുകയാണ്.