
ന്യൂഡൽഹി: ഇന്ധന വില വർദ്ധനയിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ട്വിറ്ററിലൂടെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റേത് പ്രധാൻ മന്ത്രി ജൻ ധൻ ലൂട്ട് (കൊള്ള) യോജനയാണെന്നാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്. ഇന്ധന വില വർദ്ധനയിൽ പ്രതികരിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് പ്രധാന മന്ത്രിയുടെ പദ്ധതിയെ പരിഹസിച്ചുകൊണ്ടുള്ള പരാമർശം. പെട്രോൾ ഡീസൽ വിലയും വാഹനത്തിന് ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കാനുള്ള നിലവിലെ ചെലവും ചിത്രീകരിക്കുന്ന ഒരു ഗ്രാഫിക്സും ഉൾപ്പടെയാണ് അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റ്. ബി ജെ പി സർക്കാരിനേക്കാൾ മികച്ച രീതിയിൽ ഇന്ധന വില യു പി എ സർക്കാർ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കാണിക്കുന്നതിനായി അന്നത്തെയും ഇന്നത്തെയും കാലഘട്ടങ്ങളിലെ വിലയും ചിത്രത്തിൽ താരതമ്യം ചെയ്യുന്നുണ്ട്.
Pradhan Mantri Jan Dhan LOOT Yojana pic.twitter.com/OQPiV4wXTq
— Rahul Gandhi (@RahulGandhi) April 4, 2022
2014 മേയിലെയും ഇന്നത്തെയും ഇന്ധനവിലയാണ് രാഹുൽ താരതമ്യം ചെയ്തിരിക്കുന്നത്. 2014 മേയ് 26 ന് ക്രൂഡ് ഓയിൽ വില 108.05 ഡോളറായിരുന്നു. എന്നാൽ ഇന്നത്തെ വില 99.42 ഡോളർ മാത്രമാണെന്നും പോസ്റ്റിലുണ്ട്. യു പി എ ഭരണ കാലത്ത് ടു വീലറിൽ ഇന്ധനം നിറയ്ക്കാൻ 714 രൂപ മതിയായിരുന്നു. ഇന്ന് അത് 324 രൂപ വർദ്ധിച്ച് 1038 രൂപയായി. 2014 മേയിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കാൻ കാറിനാണെങ്കിൽ 2856 രൂപയ്ക്കും ട്രാക്ടറിനാണെങ്കിൽ 2749 രൂപയും മതിയായിരുന്നു. ഇന്നത് യഥാക്രമം 1296 രൂപയും 1814 രൂപയും വർദ്ധിച്ച് 4152 രൂപയും 4563 രൂപയുമായി മാറി. ട്രക്കിന്റെ കാര്യത്തിലാണെങ്കിൽ 2014 മേയിൽ 11456 രൂപയ്ക്ക് ഫുൾ ടാങ്ക് ഡീസൽ അടിക്കാമായിരുന്നത് ഇന്ന് 19014 രൂപയായി മാറി. 7558 രൂപയുടം വർദ്ധന.
ചിത്രത്തിനൊപ്പം പ്രധാൻ മന്ത്രി ജൻ ധൻ ലൂട്ട് യോജന എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം പെട്രോളിയം ഉത്പന്നങ്ങളുടെയും അവശ്യ സാധനങ്ങളുടെയും വില കൂട്ടുന്നതിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് ഇന്ന് രാജ്യസഭയുടെ നടപടികൾ തടസ്സപ്പെട്ടിരുന്നു. അതേസമയം രാജ്യത്തെ ഇന്ധന വില ഇന്നും വർദ്ധിച്ചു. ലിറ്ററിന് 40 പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂടിയത്. പതിനഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒൻപത് രൂപ 15 പൈസയും ഡീസലിന് എട്ട് രൂപ 81 പൈസയുമാണ് വർദ്ധിപ്പിച്ചത്.137 ദിവസത്തിന് ശേഷം മാർച്ച് 22 മുതലാണ് രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച് തുടങ്ങിയത്.