pm-narendra-modi-

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിരവധി സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച വമ്പൻ പദ്ധതികൾ ആ സംസ്ഥാനങ്ങളെ ശ്രീലങ്കയെപ്പോലെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് മുതിർന്ന ഉദ്യോഗസ്ഥർ.

കഴിഞ്ഞ ദിവസം എല്ലാ വകുപ്പുകളുടെയും സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നടത്തിയ നാലു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിലാണ് ഉദ്യോഗസ്ഥർ ആശങ്ക അറിയിച്ചത്. ലോക് കല്യാൺ മാർഗിലുള്ള ക്യാമ്പ് ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എന്നിവരുൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മറ്റുമായി വിവിധ സർക്കാരുകൾ പ്രഖ്യാപിച്ച വലിയ പദ്ധതികൾ സംസ്ഥാനങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുമെന്ന് സെക്രട്ടറിമാർ പറഞ്ഞു. തങ്ങൾ ജോലി ചെയ്യുന്ന സംസ്ഥാനങ്ങൾ സാമ്പത്തികമായി സുസ്ഥിരതയുള്ള സംസ്ഥാനങ്ങളല്ലെന്നും ഈ പദ്ധതികൾ ശ്രീലങ്കയുടെ അതേ പാതയിലേക്ക് തള്ളി വിടുമെന്നും സെക്രട്ടറിമാർ പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. അവശ്യ വസ്തുക്കൾക്ക് പോലും ജനം വളരെയധികം ബുദ്ധിമുട്ടുകയാണ്.

ക്ഷാമം കൈകാര്യം ചെയ്യുക എന്ന മാനസികാവസ്ഥയിൽ നിന്ന് മിച്ചമുള്ളത് ഉപയോഗിച്ചു കൊണ്ട് പുതിയ വെല്ലുവിളികളെ നേരിടുക എന്ന നിലയിലേക്ക് ഉദ്യോഗസ്ഥർ ഉയരണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. ദാരിദ്ര്യം ഒരു ഒഴിവുകഴിവായി പറയുന്ന പഴയ കഥ ഉപേക്ഷിക്കാനും പ്രധാന വികസന പദ്ധതികൾ ഏറ്റെടുക്കാനുള്ള കാഴ്ചപ്പാട് സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരോട് മോദി നിർദേശിച്ചു.