
കൊച്ചി: ദിലീപിന്റെ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നൽകി നടി. അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതിയിൽ ആരോപിച്ചിരുന്നത്.
ചട്ടപ്രകാരമല്ല പരാതി നൽകിയതെന്ന കാരണത്താൽ ബാർ കൗൺസിൽ ആദ്യ പരാതി സ്വീകരിച്ചിരുന്നില്ല. 2500 രൂപ ഫീസ് അടയ്‌ക്കണമെന്നും പരാതിക്കൊപ്പം 30 പകർപ്പുകളും സമർപ്പിക്കണമെന്നും ബാർ കൗൺസിൽ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് അവർ പിഴവുകൾ തിരുത്തിയ പുതിയ പരാതി ബാർ കൗൺസിലിന് നൽകിയത്.
ബി രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചെന്നും രാമൻപിള്ളയുടെ ഓഫീസിൽ വച്ച് ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
കേസിൽ 20 സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ അഭിഭാഷക സംഘമാണെന്നും അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.