regin-lal

പേരാമ്പ്ര (കോഴിക്കോട്): കുടുംബത്തോടൊപ്പമെത്തി ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികൾ കാൽ വഴുതി പുഴയിലെ ഒഴുക്കിൽപെട്ടു. നവവരൻ മരിച്ചു. വധുവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

ചങ്ങരോത്ത് കടിയങ്ങാട് കോവുപ്പുറം കൃഷ്ണദാസ് പണിക്കരുടെ മകൻ രജിൻലാലാണ് (28) കുറ്റ്യാടി ജാനകിക്കാട് ചവറംമൂഴി പുഴയിൽ ഒഴുക്കിൽപെട്ട് മരിച്ചത്. മുടപ്പല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വധു കനിഹ സുഖം പ്രാപിച്ചുവരുന്നു.
മാർച്ച് 14നാണ് ഇവർ വിവാഹിതരായത്. നാട്ടിൽ കൂലിപ്പണി ഉൾപ്പെടെ ചെയ്തു വരികയായിരുന്നു രജിൻലാൽ. കഴിഞ്ഞ ദിവസം രജിൻലാലിന്റെ വീട്ടിൽ വിരുന്നുവന്ന ഭാര്യാവീട്ടുകാരുമൊത്ത് ഇന്നലെ ഒന്നര കിലോമീറ്റർ അകലെയുള്ള ജാനകിക്കാട് വിനോദ സഞ്ചാരകേന്ദ്രത്തിൽ പോയതായിരുന്നു. അപകടമുണ്ടായ ഉടൻ കൂടെയുള്ളവരും നാട്ടുകാരും ചേർന്ന് ഇരുവരെയും പുറത്തെടുത്ത് പന്തിരിക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രജിൻലാലിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പുഴയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. പെട്ടെന്ന് ഒഴുക്ക് വർദ്ധിക്കുന്ന പുഴയാണ് ജാനകിക്കാടിലേത്. വലിയ ചുഴികളുമുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ ഇതിന് മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. രജനിയാണ് മരിച്ച രജിൻലാലിന്റെ അമ്മ. സഹോദരൻ യദു.