
ക്യാമ്പ് നൗ: മദ്ധ്യനിരയിൽ ബാഴ്സലോണ എഫ് സിയുടെ മാനസപുത്രനായിരുന്നു ഒരുകാലത്ത് ഇവാൻ റാക്കിട്ടിച്ച്. ബാഴ്സയോടൊപ്പം സീസൺ ട്രെബിൾ അടക്കം ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച 34കാരനായ റാക്കിട്ടിച്ച് രണ്ട് സീസൺ മുമ്പ് ബാഴ്സ വിട്ട് വൈരികളായ സെവിയ്യയിൽ ചേർന്നിരുന്നു. ബാഴ്സലോണ ആരാധകരുടെ പ്രിയതാരമായിരുന്നിട്ട് കൂടി കൊവിഡ് നിയന്ത്രണങ്ങൾ കാരണം റാക്കിട്ടിച്ചിന് ഒരു യാത്രയയപ്പ് പോലും നൽകാൻ ബാഴ്സയ്ക്കോ ആരാധകർക്കോ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ഒരു തവണ സെവിയ്യയ്ക്കൊപ്പം റാക്കിട്ടിച്ച് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ എത്തിയിരുന്നെങ്കിലും ആരാധകരെ ഉള്ളിൽ പ്രവേശിപ്പിച്ചിരുന്നില്ല.
ഇന്നലെ നടന്ന ബാഴ്സലോണയുടെ സെവിയ്യയ്ക്കെതിരായ ഹോം മത്സരത്തിലായിരുന്നു ക്‌ളബ് വിട്ട ശേഷം റാക്കിട്ടിച്ച് തന്റെ പ്രിയ ആരാധകരെ ആദ്യമായി കാണുന്നത്. മത്സരത്തിലുടനീളം ആരാധകർ റാക്കിട്ടിച്ചിനോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്നത്ര ശ്രമിച്ചിരുന്നു. മത്സരം ബാഴ്സ 1-0ന് ജയിക്കുകയും ചെയ്തിരുന്നു. ഒരുകാലത്ത് മദ്ധ്യനിരയിൽ റാക്കിട്ടിച്ച് കളിച്ചിരുന്ന അതേ പൊസിഷനിൽ താരത്തിന് പകരമെത്തിയ യുവതാരം പെഡ്രിയാണ് ബാഴ്സയുടെ ഗോൾ നേടിയത്. മത്സരത്തിൽ പെഡ്രിയെ മാർക്ക് ചെയ്യാൻ ഏൽപ്പിച്ചിരുന്നത് റാക്കിട്ടിച്ചിനെ ആയിരുന്നു. എന്നാൽ റാക്കിട്ടിച്ച് തന്നെ ഏൽപ്പിച്ച ജോലിയിൽ പരാജയപ്പെടുകയും ചെയ്തു.
എന്നാൽ ഇതൊന്നും തന്റെ പ്രിയ ബാഴസ് ആരാധകരിൽ നിന്ന് റാക്കിട്ടിച്ചിനെ അകറ്റുന്ന കാര്യങ്ങളായിരുന്നില്ല. മത്സരശേഷം ആരാധകർ ഇരിക്കുന്നയിടത്തേക്ക് ചെന്ന റാക്കിട്ടിച്ച്, ആരാധകർക്കു വേണ്ടി തന്റെ ജേഴ്സിയും ഷോർട്സും വരെ ഊരിക്കൊടുത്തു. മത്സരശേഷം അടിവസ്ത്രം മാത്രം ധരിച്ചാണ് റാക്കിട്ടിച്ച് ഡ്രെസിംഗ് റൂമിലേക്ക് മടങ്ങിപോയത്.