
ലാസ് വേഗസ് : കൈകൾ കൂപ്പി 'നമസ്തേ...' ചൊല്ലി 64-ാമത് ഗ്രാമി പുരസ്കാരവേദിയെ അഭിസംബോധന ചെയ്ത ഇന്ത്യൻ സംഗീതജ്ഞൻ റിക്കി കേജ് രാജ്യത്തിനഭിമാനമായി.
മികച്ച ന്യൂ ഏജ് ആൽബമായി തിരഞ്ഞെടുക്കപ്പെട്ടത് റിക്കി കേജിന്റെയും പ്രശസ്ത റോക്ക് സംഗീതജ്ഞൻ സ്റ്റുവർട്ട് കോപ്‌ലാൻഡിന്റെയും 'ഡിവൈൻ ടൈഡ്സ്" ആണ്. ഇത് രണ്ടാം തവണയാണ് റിക്കിക്ക് ഗ്രാമി ലഭിക്കുന്നത്. 2015ൽ വിൻഡ്സ് ഒഫ് സംസാര എന്ന ആൽബത്തിനായിരുന്നു ഗ്രാമി പുരസ്കാരം.
യു.എസിൽ ജനിച്ച 40കാരനായ റിക്കി ഇപ്പോൾ ബംഗളൂരുവിലാണ് താമസം.
20ലേറെ രാജ്യങ്ങളിൽ നിന്ന് 100 ലേറെ പുരസ്കാരങ്ങൾ റിക്കി നേടിയിട്ടുണ്ട്.
മികച്ച കുട്ടികളുടെ മ്യൂസിക് ആൽബമായി തിരഞ്ഞെടുത്ത 'എ കളഫുൾ വേൾഡിനും" ഇന്ത്യൻ ടച്ചുണ്ട്. ഇന്ത്യൻ വംശജയായ ഫൽഗുനി ഷായുടേതാണ് ഈ ആൽബം. ഫലു എന്ന പേരിലാണ് ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫൽഗുനി അറിയപ്പെടുന്നത്. മുമ്പും ഇതേ വിഭാഗത്തിൽ ഫൽഗുനിയ്ക്ക് നോമിനേഷൻ ലഭിച്ചിരുന്നു. ഇന്ത്യൻ സംഗീത സംവിധായകൻ എ.ആർ. റഹ്മാനുമായും ഫൽഗുനി പ്രവർത്തിച്ചിട്ടുണ്ട്.
ലതയെ മറന്ന് ഗ്രാമി
ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി ഓസ്‌കാറിന് പിന്നാലെ ഗ്രാമിയിലും അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ പേര് പരാമർശിച്ചില്ല. കഴിഞ്ഞ വർഷം ലോകത്തോട് വിടപറഞ്ഞ സിനിമാ, സംഗീത ലോകത്തെ പ്രതിഭകളെ ഓർമിക്കുന്നതാണ് ഓസ്‌കാറിലെയും ഗ്രാമിയിലെയും മെമ്മോറിയം സെക്ഷൻ. ഇന്ത്യൻ സംഗീതജ്ഞൻ ബപ്പി ലാഹിരിയെയും അവഗണിച്ചു.