aadhar

ലക്‌നൗ: ആധാർ കാർഡിൽ ഉദ്യോഗസ്ഥർ വരുത്തിയ ഒരു തെറ്റ് കാരണം അഞ്ച് വയസുകാരിയ്‌ക്ക് സ്‌കൂളിൽ അഡ്‌മിഷൻ നിഷേധിക്കപ്പെട്ടു. ഉത്തർ പ്രദേശിലെ റായ്‌പൂർ ഗ്രാമത്തിലെ സർക്കാർ‌ സ്‌കൂളിലാണ് സ്ഥലവാസിയായ ദിനേശിന്റെ മകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. ആധാർ കാർഡിൽ 'മധുവിന്റെ അഞ്ചാമത്തെ കുട്ടി' എന്നായിരുന്നു കുട്ടിയുടെ പേര് രേഖപ്പെടുത്തിയിരുന്നത്.

കാർഡിലെ പ്രാദേശിക ഭാഷയിലെ പേരും ഇംഗ്ളീഷ് പേരും കണ്ട് സ്‌കൂളിലെ ടീച്ചറായ ഏക്‌താ വർഷ്‌ണി കുട്ടിക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിക്കുകയായിരുന്നു. ആധാർ കാർഡിലെ തെറ്റ് തിരുത്തിയ ശേഷം വരണമെന്ന് ടീച്ചർ ആവശ്യപ്പെട്ടു. കുട്ടിയുടെ പേര് തെറ്റായി രേഖപ്പെടുത്തി എന്നത് മാത്രമല്ല രേഖയിലെ നമ്പരും ഉണ്ടായിരുന്നില്ലെന്ന് സ്‌കൂൾ അധികൃതർ പറ‌ഞ്ഞു.

ആധാർ കാർഡുകൾ പോസ്‌റ്റ് ഓഫീസുകളിലും ബാങ്കുകളിലുമാണ് നിർമ്മിക്കപ്പെടുന്നതെന്നും അവിടെ അശ്രദ്ധമായി വിവരം കൈകാര്യം ചെയ്‌തതുകൊണ്ടാണ് ഇത്തരത്തിൽ തെറ്റായ രീതിയിൽ കാർഡ് അച്ചടിച്ചതെന്നും ജില്ലാ മജിസ്‌ട്രേറ്റ് ദീപാ രാജൻ പറഞ്ഞു. തെറ്റ് ചെയ്‌ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.