kk

തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സൈബർ ഡോം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 14 പേർ അറസ്റ്റിൽ . കഴിഞ്ഞദിവസത്തെ ഓപ്പറേഷന്‍ പി ഹണ്ടില്‍ 39 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഫോണുകളുള്‍പ്പെടെ 267 ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ചുമുതല്‍ 16 വയസുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായവരിൽ ഐ.ടി പ്രൊഫഷണലുകളും ഉൾപ്പെടുന്നു.

ഇവരില്‍ ചിലര്‍ കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നു. ഇത് തെളിയിക്കുന്ന ചാറ്റുകളും ഇവരുടെ ഫോണുകളിൽ നിന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്.

സൈബര്‍ ഇടങ്ങളിലെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായാണ് ഓപ്പറേഷന്‍ പി ഹണ്ട് പരിശോധന നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ വീണ്ടും വീണ്ടും അതേ കുറ്റകൃത്യം ചെയ്യുന്ന പ്രവണതയുണ്ടെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍ കൂടുതല്‍ മുന്‍കരുതലെടുത്താണ് വീണ്ടും ഇതേപ്രവൃത്തിയിലേക്ക് വീണ്ടുമെത്തുന്നത് . ഇത്തരത്തില്‍ നിരന്തരം റെയ്ഡുകളും അറസ്റ്റുകളും ഉണ്ടാകുമ്പോള്‍ തത്കാലത്തേക്ക് അടങ്ങുന്നവര്‍ മാസങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാവുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന കേസുകളില്‍ ഓരോ രണ്ട് മാസങ്ങള്‍ കൂടുമ്പോഴും വര്‍ദ്ധനവ് കാണുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയവയില്‍ ഇത്തരം ഗ്രൂപ്പുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സൈബര്‍ ഡോമിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ചിത്രങ്ങളും വീഡിയോകളും കാണുന്നവര്‍ അവ കണ്ടുകഴിഞ്ഞ് പ്രത്യേത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്യുന്നത്. ഓരോ മൂന്ന് ദിവസം കൂടുന്തോറും ഇതിനായി ഉപയോഗിക്കുന്ന ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫോര്‍മാറ്റ് ചെയ്യുന്നുമുണ്ട്.

മാല്‍വേയറുകള്‍ ഉപയോഗിച്ച് ഫോണിലെ ക്യാമറയുടെയും കംപ്യൂട്ടറുകളിലെ വെബ് ക്യാമറകളുടെയും നിയന്ത്രണം ഏറ്റെടുത്ത് വിവരങ്ങള്‍ ചോര്‍ത്തുന്ന സംഭവങ്ങളുമുണ്ട്. പരിശോധനയില്‍ കുട്ടികളെ ഓണ്‍ലൈന്‍ ചാറ്റിംഗില്‍ എത്തിക്കുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു. വിദേശ കുട്ടികളോടൊപ്പം നമ്മുടെ നാട്ടിലെ കുട്ടികളും ഇത്തരം കെണിയില്‍ വീഴുന്നുണ്ട്. പണം നല്‍കി മാത്രം കാണാന്‍ സാധിക്കുന്ന, കുട്ടികളുള്‍പ്പെടുന്ന ലൈവ് സെക്സ് ഷോകളും സൈബര്‍ ഡോമിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.