jos-buttler

മുംബയ്: രാജസ്ഥാൻ റോയൽസ് ഈ സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കിയിരുന്നു. ഓപ്പണർ ജോസ് ബട്ട്ലറിന്റെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു രാജസ്ഥാനെ മുംബയ്ക്കെതിരെ മികച്ച സ്കോർ പടുത്തുയർത്താൻ സഹായിച്ചത്. എന്നാൽ സ്ട്രൈക്ക്റേറ്റ് അനുസരിച്ച് ബട്ട്ലറിന്റേത് അത്ര മികച്ച പ്രകടനമല്ല എന്ന വിലയിരുത്തലുമുണ്ടായിരുന്നു. 68 പന്തിൽ നിന്നാണ് ബട്ട്ലർ സെഞ്ചുറി പൂർത്തിയാക്കിയത്. ഐ പി എല്ലിലെ സെഞ്ചുറി പ്രകടനങ്ങളിലെ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റാണിത്.

ഇന്നിംഗ്സിന്റെ തുടക്കത്തിൽ മെല്ലെപ്പോകുകയായിരുന്ന ബട്ട്ലർ ആദ്യ 14 പന്തുകളിൽ നിന്ന് നേടിയത് വെറും 12 റൺസായിരുന്നു. പിന്നീട് നാലാം ഓവർ എറിയാൻ എത്തിയ ബേസിൽ തമ്പിയെ ആക്രമിച്ചു തുടങ്ങിയ ബട്ട്ലർ സാവധാനം തന്റെ സ്ട്രൈക്ക് റേറ്റ് ഉയർത്തുകയായിരുന്നു. ബേസിൽ തമ്പിയുടെ ഒരോവറിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 26 റൺസാണ് ബട്ട്ലർ അടിച്ചുകൂട്ടിയത്. ആ ഒരു ഓവർ മാത്രമാണ് ബേസിൽ രാജസ്ഥാനെതിരായ മത്സരത്തിൽ എറിഞ്ഞതും.

സാധാരണ പവർപ്ലേകളിൽ ആഞ്ഞടിക്കുന്നതാണ് ബാറ്റർമാരുടെ ശൈലി. എന്നാൽ അതിന് വിപരീതമായ ഒരു കേളീശൈലിയാണ് ബട്ട്ലറിന്റെ പ്രത്യേകത. തുടക്കത്തിൽ തന്നെ ബൗളർമാരെ കടന്നാക്രമിക്കുന്ന ശൈലിയിൽ താൻ വിശ്വസിക്കുന്നില്ലെന്നും പിച്ചിനെയും ഗ്രൗണ്ടിലെ അന്തരീക്ഷവും നന്നായി മനസിലാക്കിയ ശേഷം ആക്രമിക്കുക എന്നതാണ് തന്റെ ശൈലിയെന്നും ബട്ട്ലർ പറഞ്ഞു. പിച്ചിലെ പ്രത്യേകതകൾ മനസിലാക്കിയാൽ പിന്നെ ഏത് കൂറ്റൻ സ്കോറും പിന്തുടരാൻ സാധിക്കുമെന്നും തുടക്കത്തിൽ കുറച്ച് ക്ഷമ കാണിച്ചാൽ അതിനുള്ള ഫലവും ലഭിക്കുമെന്ന് ബട്ട്ലർ പറഞ്ഞു.

മുംബയ്ക്കെതിരെ ആദ്യ മൂന്ന് ഓവറുകളും ക്ഷമയോടെ നിന്ന ബട്ട്ലർ നാലാമത്തെ ഓവർ മുതൽ ആക്രമിക്കാനും ആരംഭിച്ചു. അത് കഷ്ടകാലത്തിന് ബേസിൽ തമ്പിയുടെ ഓവറായി പോയി. ആ ഓവറിലെ ഏതാനും പന്തുകൾ സ്ളോട്ടിൽ എറിഞ്ഞ ബേസിൽ ബട്ട്ലറിന് അടിക്കാൻ സൗകര്യം ഉണ്ടാക്കി കൊടുക്കുക കൂടി ചെയ്തു.