
കാബൂൾ : അഫ്ഗാനിസ്ഥാനിൽ പോപ്പിച്ചെടികൾ ( ഓപ്പിയം ) ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ കൃഷി നിരോധിച്ച് ഭീകര സംഘടനയായ താലിബാൻ. ലോകത്തെ ഏറ്റവും വലിയ ഓപ്പിയം ഉത്പാദകർ ആണ് അഫ്ഗാൻ. പോപ്പിച്ചെടികളുടെ കൃഷി രാജ്യത്ത് കർശനമായും നിരോധിച്ചതായും ഉത്തരവ് ആരെങ്കിലും ലംഘിച്ചാൽ ചെടികൾ ഉടൻ നശിപ്പിക്കുമെന്നും കുറ്റവാളികളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയായിരിക്കുമെന്നും താലിബാൻ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.
ഇത്തരം മയക്കുമരുന്നുകളുടെ ഉപയോഗവും കടത്തും കുറ്റകരമാണെന്നും ഉത്തരവിൽ പറയുന്നു. 2000ത്തിലും താലിബാൻ പോപ്പി കൃഷി നിരോധിച്ചിരുന്നു. 2017ൽ 1.4 ബില്യൺ ഡോളർ വിലമതിക്കുന്ന ഓപ്പിയമാണ് അഫ്ഗാനിൽ ഉത്പാദിപ്പിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പോപ്പിച്ചെടികളുടെ കൃഷി രാജ്യത്ത് ഗണ്യമായി വർദ്ധിച്ചിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെയാണ് പലരും പോപ്പി കൃഷിയിലേക്ക് തിരിഞ്ഞത്.