
ശ്രീനഗർ: ഷോപിയാനിൽ പ്രദേശവാസിയായ കടയുടമയ്‌ക്ക് നേരെ തീവ്രവാദിയാക്രമണം. കൈകാലുകൾക്ക് വെടിയേറ്റ ഇദ്ദേഹത്തെ സ്ഥലത്തെത്തിയ സൈനികർ ശ്രീനഗറിലെ സൈനിക ആശുപത്രിയിലെത്തിച്ചു. കാശ്‌മീരി പണ്ഡിറ്റ് വിഭാഗത്തിൽ പെട്ട ബാൽ കൃഷ്‌ണൻ എന്നയാൾക്കാണ് പരിക്കേറ്റത്.
സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ സൈന്യവും പൊലീസും തീവ്രവാദികൾക്ക് വേണ്ടി തിരച്ചിൽ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ കാശ്‌മീർ താഴ്‌വരയിലുണ്ടാകുന്ന നാലാമത് തീവ്രവാദി ആക്രമണമാണിത്. തിങ്കളാഴ്‌ച രാവിലെ നടന്ന ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിക്കുകയും മറ്റൊരു ജവാന് പരിക്കേൽക്കുകയും ചെയ്‌തു. ശ്രീനഗറിലെ മസൂമ മേഖലയിൽ വച്ച് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
ഈ സംഭവത്തിന് മണിക്കൂറുകൾ മുൻപ് പുൽവാമയിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് നേരെയും ആക്രമണമുണ്ടായി. കഴിഞ്ഞ ഒരുമാസത്തിനിടെ സാധാരണജനങ്ങൾക്ക് നേരെയുൾപ്പടെ തീവ്രവാദി ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ് കാശ്‌മീരിൽ. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആദ്യം ആക്രമണമുണ്ടായത്.