
മുംബയ്: പൊതുവിൽ സിനിമാ താരങ്ങൾ വലിയ ഫാഷനിലുളള തരം വസ്‌ത്രങ്ങൾ ധരിച്ചാകും വിമാനയാത്ര ചെയ്യുക. എന്നാൽ തെലുങ്ക് സൂപ്പർതാരം രാംചരൺ തേജ മുംബയ് വിമാനത്താവളത്തിൽ വന്നിറങ്ങിയത് കണ്ട് സിനിമാ ആരാധകരെല്ലാം ഞെട്ടിയിരിക്കുകയാണ്. മറ്റൊന്നുമല്ല കറുപ്പ് വസ്‌ത്രമണിഞ്ഞ് കാലിൽ ചെരുപ്പിടാതെ തോളിൽ കാവി നിറമുളള ഒരു തുണിയുമിട്ടാണ് രാംചരൺ മുംബയിൽ വന്നെത്തിയത്.
താരത്തിന്റെ ഈ സിമ്പിൾ ലുക്ക് ബോളിവുഡിലെ താരങ്ങളെല്ലാം ഒന്ന് കണ്ടുപഠിക്കേണ്ടതാണെന്നാണ് ചിത്രം കണ്ട ആരാധകരെല്ലാം പറയുന്നത്. ചിലർ എന്തുകൊണ്ടാണ് ഇത്തരത്തിൽ രാംചരൺ വന്നിറങ്ങിയതെന്ന് ചോദിക്കുന്നുണ്ട്. ശബരിമല ദർശനത്തിനായി 41 ദിവസത്തെ വ്രതമെടുത്തിരിക്കുകയാണ് രാംചരൺ എന്ന് ചിലർ സൂചിപ്പിക്കുന്നു.
പിതാവ് മെഗാസ്‌റ്റാർ ചിരഞ്ജീവിയെപ്പോലെ രാംചരണും കടുത്ത അയ്യപ്പ ഭക്തനാണ്. രാംചരണും ജൂനിയർ എൻടിആറും നായകവേഷത്തിലെത്തിയ രാജമൗലിയുടെ ആർആർആർ ലോകമാകെ 900 കോടി കളക്ഷൻ നേടി മുന്നേറുകയാണ്. ഇത്ര വലിയൊരു വിജയം നേടിയപ്പോഴും വിശ്വാസങ്ങളെ മുറുകെപിടിച്ച് മുന്നേറുന്ന ദക്ഷിണേന്ത്യൻ താരങ്ങളെ ബോളിവുഡ് കണ്ടുപഠിക്കണമെന്നാണ് പലരും പറയുന്നത്.