
കൊളംമ്പോ: ശ്രീലങ്കയിൽ കർഫ്യൂ ലംഘിച്ച് അർദ്ധരാത്രിയിൽ പതിനായിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്നാണ് പ്രധാന ആവശ്യം. പ്രതിഷേധക്കാർ എംപിമാരുടെയും മന്ത്രിമാരുടെയും വീടുകൾ വളഞ്ഞു. മുൻ മന്ത്രി റോഷൻ രണസിംഗെയുടെ വീട് കത്തിച്ചു.
പലയിടങ്ങളും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. തങ്കല്ലെയിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രണ്ടായിരത്തോളം പേർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ബാരിക്കേഡുകൾ തകർത്ത സമരക്കാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധിയാളുകളെ അറസ്റ്റ് ചെയ്തു.
അതേസമയം പ്രധാനമന്ത്രി മഹിന്ദ രാജപക്സയും പ്രസിഡന്റ് ഗോതബയ രജപക്സയും രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. സർവകക്ഷി സർക്കാർ രൂപീകരിച്ച് പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലായിരുന്നു പ്രസിഡന്റ്. എന്നാൽ സർവകക്ഷി സർക്കാരിൽ ചേരില്ലെന്ന് പ്രതിപക്ഷം അറിയിച്ചതോടെ ഗോതബയ രജപക്സയുടെ നീക്കത്തിന് തിരിച്ചടിയായി.
പുതിയ സർക്കാരിനെ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾ ഫോഴ്സ് (എസ്.ജെ.ബി) വ്യക്തമാക്കി. കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ വേണ്ടി ഞായറാഴ്ച അർദ്ധരാത്രി അടിയന്തര കാബിനറ്റ് യോഗം ചേർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സ ഒഴികെ 26 മന്ത്രിമാരും ഒന്നിച്ച് രാജിവച്ചിരുന്നു.