png

തിരുവനന്തപുരം: പൈപ്പ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി) വരുന്നതോടെ തലസ്ഥാനത്ത് ഗ്യാസ് സിലിണ്ടറുകൾ ഇനി ഓർമ്മമാത്രം. കേന്ദ്രത്തിന്റെ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ പൈപ്പ് നാച്ചുറൽ ഗ്യാസ് ലഭ്യമാക്കുന്നത്. ആഗസ്റ്റ് മുതൽ പി.എൻ.ജി കണക്ഷൻ വീടുകളിലെത്തുമെന്നാണ് അധികൃതർ പറയുന്നത്. പൈപ്പുകളിലൂടെ വീടുകളിലും റസ്റ്റോറന്റുകളിലും കുറഞ്ഞ ചെലവിൽ പ്രകൃതി വാതകം എത്തിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടമായി വെട്ടുകാട്, ശംഖുംമുഖം വാർഡിലെ 1500 ഓളം വീടുകളിലാണ് പി.എൻ.ജി കണക്ഷൻ ലഭ്യമാക്കുക. 100 വീടുകളിൽ പൈപ്പിടൽ പൂർത്തിയായിട്ടുണ്ട്. 25ഓളം വീടുകളിൽ കണക്ഷൻ നൽകി. നിലവിൽ ആൾ സെയിന്റ്സ് മുതൽ വള്ളക്കടവ് വരെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പണി പരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റ്ലാന്റിക്, ഗൾഫ് ആൻഡ് പസഫിക് (എ.ജി ആൻഡ് പി ) ലിമിറ്റഡ് കമ്പനിക്കാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ നിർമ്മാണച്ചുമതല.

കേരളത്തിലെ മറ്റ് ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നത് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്, ഷോല ഗ്യാസ്‌കോ എന്നീ കമ്പനികളാണ്. പ്രത്യക്ഷത്തിൽ 3,300 കോടി രൂപയ്ക്ക് മുകളിൽ പദ്ധതിക്ക് ചെലവ് കണക്കാക്കുന്നുണ്ടെന്ന് എ.ജി ആൻഡ് പി പ്രൊജക്ട് ജനറൽ മാനേജർ അജിത് വി. നാഗേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ആദ്യഘട്ടമായി തിരുവനന്തപുരത്ത് വെട്ടുകാട് ശംഖുംമുഖം പ്രദേശങ്ങളിലും കെ.എസ്.ആർ.ടി.സിക്ക് വേണ്ടിയും പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.


പ്ലാന്റിൽ നിന്ന് പൈപ്പിലേക്ക്, പൈപ്പിൽ നിന്ന് അടുപ്പിലേക്ക്
പദ്ധതിക്കായി കൊച്ചവേളിയിൽ സ്ഥാപിക്കുന്ന പ്രധാന പ്ലാന്റിന്റെ നിർമ്മാണവും പൈപ്പിടൽ ജോലികളും പരോഗമിക്കുകയാണ്. ആഗസ്റ്റിൽ പ്ലാന്റ് കമ്മിഷൻ ചെയ്ത് പ്ലാന്റ് ഗാർഹിക കണക്ഷനും നൽകും. കളമശ്ശേരിയിലെ പ്ലാന്റിൽനിന്ന് വാഹനങ്ങളിലെത്തിക്കുന്ന ദ്രവരൂപത്തിലുള്ള ഇന്ധനം പ്രധാന പ്ലാന്റിൽവച്ച് വാതകമാക്കി മാറ്റി സംഭരിക്കും. ദ്രവരൂപത്തിലെ ഇന്ധനം വാതകമാക്കമ്പോൾ അത് 600 മടങ്ങായി വർദ്ധിക്കും. വീടുകളിലേക്കുള്ള കണക്ഷന് എം.ഡി.പി.ഇ ഗ്യാസ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. സമ്മർദ്ദം കുറഞ്ഞ വാതകമായതിനാൽ പൈപ്പ് പൊട്ടൽ, വാതക ചോർച്ച എന്നിവയ്ക്ക് സാദ്ധ്യത തീരെയില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം. എൽ.പി.ജിയെ അപേക്ഷിച്ച് തീപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാദ്ധ്യതയും കുറവാണ്. ഒരിടത്ത് പൈപ്പ് പൊട്ടിയാൽ വേറെ പൈപ്പ് വഴി ലക്ഷ്യസ്ഥാനത്ത് വാതകം എത്തുന്ന രീതിയിലാണ് പൈപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. എൽ.പി.ജി സിലിണ്ടർ നിരക്കിന്റെ 70 ശതമാനം നിരക്കിലാണ് പി.എൻ.ജി ലഭ്യമാക്കുന്നത്. സിറ്റി ഗ്യാസ് വരുന്നതോടെ ഇന്ധന ചെലവ് 20 ശതമാനത്തോളം ലാഭിക്കാം. ഗ്യാസ് തീർന്നാൽ സിലിണ്ടർ മാറ്റേണ്ടതില്ല. വൈദ്യുതിനിരക്ക് പോലെ മീറ്റർ അനുസരിച്ച് മാസാവസാനം തുകയും നൽകാം.

പി.എൻ.ജി വീട്ടുകാര്യം മാത്രമല്ല
ഗാർഹികാവശ്യത്തിന് പുറമെ വാഹനങ്ങളിൽ ഇന്ധനമായും മറ്റ് വ്യവസായിക ആവശ്യങ്ങൾക്കും സിറ്റി ഗ്യാസ് പദ്ധതി ഉപകാരപ്രദമാണ്. കൊച്ചവേളിയിലെ പ്രധാന പ്ലാന്റിൽനിന്ന് നേരിട്ട് പൈപ്പ് ലൈൻ വഴി വീടുകളിലേക്കും വ്യവസായശാലകളിലേക്കും പെട്രോൾ പമ്പുകളിലേക്കും വാതകം നൽകും. അടിയന്തരമായി കെ.എസ്.ആർ.ടി.സിയുടെ സി.എൻ.ജി ബസുകൾക്കും സിറ്റി ഗ്യാസ് പദ്ധതി വഴി വാതകം ലഭ്യമാക്കും. ജില്ലയിൽ മൂന്നിടങ്ങളിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള സ്റ്റേഷനുകൾ തുടങ്ങിയിട്ടുണ്ട്. മേയ് മാസത്തിനുള്ളിൽ ഏഴ് സ്റ്റേഷനുകൾകൂടി സജ്ജമാക്കും. പദ്ധതിയുടെ രണ്ടാംഘട്ടമായി പാൽക്കുളങ്ങര, മുട്ടത്തറ, ശ്രീവരാഹം, ശ്രീകണ്‌ഠേശ്വരം എന്നിവിടങ്ങളിൽ പദ്ധതി നടപ്പിലാക്കും. അടുത്ത ആഴ്ചയോടെ ചാക്ക ഭാഗത്തേക്കുള്ള പൈപ്പുകൾ.