
ഗുരുവായൂർ: പട്ടാമ്പി ഭാരതപ്പുഴയിൽ ഗുരുവായൂർ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂർ എടപ്പുള്ളി റോഡിൽ കുറുവങ്ങാട്ട് വീട്ടിൽ സരേഷിന്റേയും ഗീതയടേയും മകളും തൃശൂർ പോന്നോർ കാര്യാട്ടു വീട്ടിൽ സനീഷിന്റെ ഭാര്യയുമായ ഹരിതയെയാണ് (27) ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏപ്രിൽ രണ്ടാം തീയതി മുതൽ ഹരിതയെ കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് പേരാമംഗലം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. മൃതദേഹത്തിന്റെ ഇടതു കൈപ്പത്തി അറ്റ നിലയിലാണ്. ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതറിഞ്ഞ് പേരാമംഗലം പൊലീസും ഹരിതയുടെ ബന്ധുക്കളും അവിടെയെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആറ് വർഷം മുമ്പാണ് സനീഷും ഹരിതയും വിവാഹിതരായത്. തൃശൂരിൽ കേരള വിഷന്റെ കേബിൾ വിഭാഗത്തിലാണ് സനീഷിന് ജോലി. രണ്ട് മാസം മുമ്പ് ഹരിത സനീഷുമായി പിണങ്ങി വീട്ടിൽ വന്ന് നിന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അഞ്ച് വയസുള്ള ദ്രുപത് ഏക മകനാണ്. സംസ്‌കാരം ഇന്ന് നടക്കും.