
ശ്രീകണ്ഠാപുരം: പ്രണയനൈരാശ്യത്തെ തുടർന്ന് കാമുകിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണന്റെയും സിജിയുടെയും മകൻ പണ്ണേരി ലെജിൻ (24) ആണ് ഇന്നലെ പുലർച്ചെ മംഗലാപുരത്തെ ആശുപത്രിയിൽ മരണപ്പെട്ടത്. 70 ശതമനത്തിലധികം പൊള്ളലേറ്റ നിലയിലായിരുന്നു.
പൊലീസ് സേനാ ഡിഫൻസ് അംഗമായ ലെജിൻ തളിപ്പറമ്പിൽ പരിശീലനം നടത്തി വരികയാണ്. ഞായറാഴ്ച വൈകീട്ട് മൂന്നോടെ കാമുകിയുടെ വീട്ടലേക്ക് പോകുന്ന വിവരം നാട്ടിലെ സുഹൃത്തുക്കളെ അറിയിച്ച ശേഷം കാമുകിയായ യുവതിയുടെ താഴെ വിളക്കന്നൂർ നടുവിൽ കണ്ണാടിപ്പാറയിലെ വീട്ടിനു മുന്നിലെത്തി പെട്രോൾ ഒഴിച്ച് ശരീരത്തിൽ തീ കൊളുത്തുകയായിരുന്നു. പിന്തുടർന്നെത്തിയ സുഹൃത്തുക്കളും പരിസരവാസികളുമാണ് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആദ്യം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലുമെത്തിച്ചത്. ഏക സഹോദരി ലിമിഷ (ഡിഗ്രി വിദ്യാർത്ഥിനി, പൈസക്കരി).
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)