
കടലിനും കായലിനുമിടയിലുള്ള കായിക്കരയിൽ ജനിച്ച്,തോന്നയ്ക്കലിൽ ജീവിച്ച്, പല്ലനയാറ്റിൽ ഓർമ്മയായ മഹാകവി കുമാരനാശാന്റെ ജീവിതം,വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു. വെറും 51 വർഷങ്ങൾ മാത്രം നീണ്ടുനിന്ന ആ ജീവിതത്തെ മാറ്റിമറിച്ചത് ശ്രീനാരായണ ഗുരുവായിരുന്നു. ആശാനിലെ പ്രതിഭാശാലിയെ ഗുരുവാണ് തിരിച്ചറിഞ്ഞത്. മൈസൂരിലേയും കൊൽക്കത്തയിലേയും വിദ്യാഭ്യാസവും ഇംഗ്ലീഷ് പഠനവും വിശ്വസാഹിത്യ കൃതികളെ അറിയാൻ സഹായിച്ചു. കീറ്റ്സും ഷെല്ലിയും ബൈറനും മനസിൽ നിറഞ്ഞു.
ഉന്നതമായ കാര്യങ്ങൾ ചെയ്യാൻ നിയോഗിക്കപ്പെട്ടവനാണ് താനെന്നബോധം ആശാനിൽ അന്തർലീനമായിരുന്നു.
കുമാരനാശാന് നാരായണഗുരു ഈശ്വരതുല്യനായിരുന്നു. ഗുരുവിന്റെ മാനസപുത്രനായിരുന്നു ആശാൻ. ഗുരുവിനെക്കുറിച്ച് ആശാൻ എഴുതിയത് ശ്രദ്ധേയമാണ്...!
'ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൻ
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം"
1903 ലാണ് എസ്.എൻ.ഡി.പി.യോഗം സ്ഥാപിതമായത്. ശ്രീനാരായണഗുരു ആജീവനാന്ത പ്രസിഡന്റ്. കുമാരനാശാൻ ജന.സെക്രട്ടറി. 12 അംഗങ്ങളുയിട്ടാണ് യോഗം പ്രവർത്തനമാരംഭിച്ചത്. ആശാൻ 16 വർഷം ജനറൽ സെക്രട്ടറിയായിരുന്നു യോഗത്തിന്റെ വളർച്ച വളരെവേഗത്തിലായിരുന്നു. ഒരു മഹാപ്രസ്ഥാനമായി അതിനെ വളർത്തി.
1904 ലാണ് 'വിവേകോദയം" മാസികയോഗത്തിന്റെ മുഖപത്രമായി തുടങ്ങിയത്. ആശാനായിരുന്നു പത്രാധിപർ. 1907 ലാണ് വീണപൂവ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. മൂർക്കോത്ത് കുമാരന്റെ, 'മിതവാദി" യിൽ. അന്ന് കവിക്ക് പ്രായം 35 വയസ്. വെണ്മണി നമ്പൂതിരിമാരുടെ ശൃംഗാര കാവ്യങ്ങൾ മലയാളസാഹിത്യത്തെ വീർപ്പുമുട്ടിച്ചപ്പോഴാണ്, ആശാൻ കവിതകൾ നവചൈതന്യത്തിന്റെ കാഹളം മുഴക്കി സാഹിത്യലോകത്തേക്ക് കടന്നു വരുന്നത്. 1907 മുതൽ 1924 വരെയുള്ള കാലത്താണ് ആശാന്റെ സർഗാത്മകരചനകളുടെ തിളക്കമാർന്ന മുഹൂർത്തങ്ങൾ.
ഒരു സിംഹപ്രസവം(1909), നളിനി(1911), ലീല(1914), ബാലരാമായണം(1916), ഗ്രാമവൃക്ഷത്തിലെ കുയിൽ(1918), പ്രരോദനം(1919), ചിന്താവിഷ്ടയായ സീത(1919), പുഷ്പവാടി(1922), ചണ്ഡാലഭിക്ഷുകി(1923), ദുരവസ്ഥ(1924),
താൻ ഇന്നിന്റെ കവിയല്ല, നാളെയുടെ കവിയാണെന്ന ചിന്ത, ആശാനിൽ ശക്തമായിരുന്നു. വിമർശനങ്ങളെ തികഞ്ഞ സൗമ്യതയോടെ നേരിട്ടു. പ്രതിസന്ധികളിൽ നിന്നും പ്രചോദനമു ൾക്കൊണ്ടു. കവിതയെന്ന വജ്രായുധ ത്തിലൂടെയും, തീക്ഷ്ണമായ ചിന്തകളിലൂടെയും, പ്രവൃത്തികളിലൂടെയും സാമൂഹിക അസമത്വങ്ങൾക്കെതിരെപോരാടി. സ്വാതന്ത്ര്യ ഗാഥയിലെ വരികൾ, ജാതിക്കെതിരെയുള്ള ചാട്ടുളികളായിരുന്നു.
'നരനു നരനശുദ്ധവസ്തുപോലും
ധരയിൽ നടപ്പതു തീണ്ടലാണുപോലും."
'ഉദ്ബോധനം " എന്ന കവിത, അയ്യപ്പന്റെ,'സഹോദരൻ"എന്ന പത്രത്തിലാണ് പ്രസിദ്ധീകരിച്ചത്.
'സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയെക്കാൾ ഭയാനകം"
മനുഷ്യ ജീവിതത്തിന്റെ നശ്വരതയെയാണ്, കവി 'വീണപൂവി" ലൂടെ വരച്ചുകാട്ടുന്നത്. 'വീണപൂവ്, സാഹിത്യ നഭോമണ്ഡലത്തിൽ, അഭൂതപൂർവമായ പ്രകാശത്തോടു കൂടിയ ഒരുജ്യോതിസ്സിന്റെ ആവിർഭാവത്തെയാണ് കുറിക്കുന്നത് "എന്നാണ് മഹാകവി ഉള്ളൂർ സാഹിത്യ ചരിത്രത്തിൽ പറയുന്നത്.
സ്നേഹ ഗായകനായ ആശാന്റെ പ്രണയകാവ്യങ്ങളാണ്, നളിനിയും, ലീലയും.
'സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം"
'ചിന്താവിഷ്ടയായ സീത" യിലൂടെ, സ്ത്രീത്വത്തിന്റെ ഉദാത്തമായ ഭാവമാണ് വ്യക്തമാക്കുന്നത്. 'സ്ത്രീ" , പുരുഷന്റെ കളിപ്പാവയല്ല. സ്വന്തമായ അഭിപ്രായവും വ്യക്തിത്വവും ഉള്ളവൾ തന്നെയാണെന്നാണ് ശക്തമായ ആവിഷ്കാരത്തിലൂടെ, കവി നമ്മെ ഓർമിപ്പിക്കുന്നത്. ജാതിവ്യവസ്ഥയോടുള്ള തീക്ഷ്ണമായ നിലപാടുകളാണ് 'ദുരവസ്ഥ" യിൽ കാണാൻ കഴിയുന്നത്..
'മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ"
ആശാൻ കവിതയുടെ മുഖമുദ്രയായി ഈ വാക്യം മാറിയിട്ടുണ്ട്. ചണ്ഡാലഭിക്ഷുകിയും കരുണയും ബുദ്ധമത ദർശനത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയാണ്. ആശാന്റെ ആത്മനൊമ്പരങ്ങളുടെ വെളിപ്പെടുത്തലാണ് 'ഗ്രാമവൃക്ഷത്തിലെ കുയിൽ."
1922 ജനുവരിയിൽ ഇംഗ്ലണ്ടിലെ വെയിൽസ് രാജകുമാരൻ, മദ്രാസ് സർവകലാശാലയിൽവച്ച് കുമാരനാശാന് പട്ടും വളയും നൽകി ആദരിച്ചു. മഹാകവി എന്ന ബിരുദവും നൽകി. കവിതയെക്കുറിച്ച് മലയാളത്തിൽ ഏറ്റവും കൂടുതൽ പഠനഗ്രന്ഥങ്ങൾ ഉണ്ടായിട്ടുള്ളത് ആശാൻ കവിതകളെക്കുറിച്ചാണ്. പരപ്പിനേക്കാൾ ഗഹനതയാണ് ഇതിന്റെ സവിശേഷത. കുമാരനാശാൻ ജനിച്ചിട്ട് ഒന്നര നൂറ്റാണ്ടാവുക.എന്നാൽ ആശാൻ കവിതകളുടെ സ്വീകാര്യത കാലം കഴിയുംതോറും ഏറിവരികയാണ്. കവിയും കവിതയും കാലാതീതമാവുകയാണ്.
കവി ജനിച്ച കായിക്കരയിലും ജീവിച്ച തോന്നയ്ക്കലും മരണപ്പെട്ട,പല്ലനയിലും കവിയുടെ പേരിൽ സ്മാരകങ്ങൾ....! അത്യപൂർവമായ ഈ സൗഭാഗ്യം മഹാകവി കുമാരനാശാന് സ്വന്തം.
(കൊല്ലം ആശാൻ ഫൗണ്ടേഷൻ
ചെയർമാനാണ് ലേഖകൻ.
ഫോൺ: 9447864858)