tom

ചെന്നൈ: തന്റെ മരിച്ചുപോയ ടോം എന്ന നായയുടെ ഓർമയ്ക്കായി ക്ഷേത്രം നിർമിച്ച് 82കാരൻ. തമിഴ്നാട് സ്വദേശിയായ മുത്തുവാണ് തന്റെ കൃഷിയിടത്തിന് സമീപം 80,000രൂപ മുടക്കി മാർബിൾ പ്രതിമയും ക്ഷേത്രവും നിർമിച്ചത്.

പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് മുത്തുവിന്റെ അനന്തരവൻ അരുൺ കുമാറാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ വാങ്ങിയത്. അരുണിന് അതിനെ വളർത്താൻ കഴിയാത്തതിനാൽ അമ്മാവന് കൈമാറുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നായയും മുത്തുവും കൂട്ടുകാരായി. സ്വന്തം കുഞ്ഞിനെക്കാൾ വാത്സല്യത്തോടെയാണ് ടോമിനെ മുത്തു വളർത്തിയത്. എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ ടോമിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ചികിത്സകൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 2022 ജനുവരിയിലാണ് ടോം മരിച്ചത്. അതോടെ പതിനൊന്ന് വർഷത്തോളം കൂട്ടായിരുന്ന പ്രിയ സുഹൃത്തിനായി തന്റെ കൃഷിയിടത്തിൽ ഒരു ചെറിയ ക്ഷേത്രം സ്ഥാപിക്കണമെന്ന് മുത്തു തീരുമാനിച്ചു. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ മുത്തു തന്റെ സമ്പാദ്യത്തിൽ നിന്ന് 80,000രൂപ ചെലവിട്ടാണ് ടോമിന്റെ മാർബിൾ പ്രതിമയും ക്ഷേത്രവും നിർമിച്ചത്.

നായയ്ക്കായി ഒരുക്കിയ ക്ഷേത്രത്തിൽ മുത്തു ദിവസവും വഴിപാടുകൾ അർപ്പിക്കാറുണ്ട്. വിശേഷദിവസങ്ങളിൽ ടോമിന്റെ ഇഷ്ടഭക്ഷണവും വിളമ്പും. ക്ഷേത്രത്തിൽ ആർക്കുവേണമെങ്കിലും പ്രവേശിക്കാം. മുത്തുവിന്റെ മകനും സുഹൃത്തുക്കളും എടുത്തിട്ടുള്ള ടോമിന്റെ ചിത്രങ്ങളുടെ സഹായത്തോടെയാണ് മാർബിൾ പ്രതിമ നിർമിച്ചത്.