
സ്ത്രീധനത്തിന്റെ ഗുണങ്ങളെ കുറിച്ച് വിവരിക്കുന്ന പാഠപുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധം. പുസ്തകം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ സിലബസിന്റെ അംഗീകാരമുള്ള ഇന്ദ്രാണിയുടെ സോഷ്യോളജി ഫോർ നഴ്‌സസ് എന്ന പുസ്‌തകത്തിലാണ് സ്ത്രീധനം വാങ്ങുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീധനത്തിന്റെ ഗുണഫലങ്ങൾ എന്ന തലക്കെട്ടോടെയാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജെയ്‌പീ ബ്രദേഴ്സ് പബ്ലിഷ് ചെയ്ത പുസ്തകത്തിലെ ആറാം അദ്ധ്യായത്തിലാണ് സ്ത്രീ വിരുദ്ധമായ പ്രസ്താവന നടത്തിയിരിക്കുന്നത്.
പുതിയ കുടുംബം തുടങ്ങാൻ സ്ത്രീധനം സഹായിക്കുമെന്ന് വ്യക്തമാക്കിയാണ് കുറിപ്പ് തുടങ്ങുന്നത്. വീട്ടിലേക്ക് പുതിയ വാഹനം, കട്ടിൽ, ബെഡ്, ടിവി, ഫാൻ, റെഫ്രിജറേറ്റർ തുടങ്ങിയ വീട്ടുപകരണങ്ങളും സ്ത്രീധനം കൊണ്ട് വാങ്ങാം. രക്ഷിതാക്കളുടെ സ്വത്ത് സ്ത്രീധനത്തിലൂടെ മക്കളിലേക്ക് എത്തുമെന്നും സ്ത്രീധനം കുറച്ചു കൊടുക്കുന്നതിന്റെ ഭാഗമായി ചിലർ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതായും പാഠപുസ്‌തകത്തിൽ പറയുന്നുണ്ട്.
College textbook in India. pic.twitter.com/LOM4grizJq— Aparna (@chhuti_is) April 3, 2022
കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികൾക്ക് പോലും വരനെ കിട്ടാൻ സ്ത്രീധനം സഹായിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ക്രിമിനൽ കുറ്റമാണെന്നിരിക്കെയാണ് മുതിർന്ന വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ സ്ത്രീധനത്തിന്റെ ഗുണങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നത്.
പുസ്തകം ചർച്ചയായതോടെ ഇത് പിൻവലിക്കമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പിഴവുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ട്രെയിൻഡ് നഴ്‌സസ് അസോസോസിയേഷൻ ഒഫ് ഇന്ത്യ പ്രസാധകർക്ക് പരാതി നൽകിയിട്ടുണ്ട്.