supreme-court

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ ദേശീയ ഡാം സുരക്ഷാ അതോറിട്ടിയുടെ നിയമപരമായ അധികാരങ്ങൾ താത്ക്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി. അതോറിട്ടി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഒരു വർഷംകൂടി സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികാരങ്ങൾ താത്ക്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറുന്നത്.

ഇരു സംസ്ഥാനങ്ങളുടെയും ഓരോ അംഗത്തെ കൂടി ഉൾപ്പെടുത്തി മേൽനോട്ട സമിതി ശക്തിപ്പെടുത്തുമെന്ന് കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വ്യാഴാഴ്ച ഉത്തരവിറക്കും. മേൽനോട്ട സമിതിയുടെ നിർദേശം നടപ്പാക്കുന്നതിൽ കേരളത്തിന്റെയോ തമിഴ്നാടിന്റെയോ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ മേൽനോട്ട സമിതിക്ക് സുപ്രീം കോടതിയെ സമീപിക്കാം.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതിയുടെ നിർദേശം പരസ്പരം ചർച്ച ചെയ്‌ത് മിനിട്സ് കൈമാറണമെന്ന് കോടതി നിർദേശം നൽകി. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ചുമതലകൾ കൂടുതൽ വിപുലീകരിക്കണമെന്നും ആവശ്യപ്പെട്ട് കോതമംഗലം സ്വദേശി ജോ ജോസഫ് ആണ് ഹർജി നൽകിയത്.