
റാഞ്ചി : ആദ്യവിവാഹത്തിലെ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ ഉപേക്ഷിച്ച ശേഷം രണ്ടാം വിവാഹത്തിന് പുറപ്പെട്ട യുവാവിന് കിട്ടിയത് നല്ല നാടൻ തല്ല്. ഛത്തീസ്ഗഡിലെ ജൻജ്ഗിർ ചമ്പയിലാണ് സംഭവം. സോം പ്രകാശ് നാരായൺ ജയ്സ്വാൾ എന്നയാളാണ് 2017ൽ വിവാഹം ചെയ്ത യുവതിയെ ഉപേക്ഷിച്ച് വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഇയാളെ ആദ്യ ഭാര്യ ദാമിനി ജയ്സ്വാളാണ് കുടുംബാംഗങ്ങളുമായി എത്തി ശാരീരികമായി കൈകാര്യം ചെയ്തത്. ഇതിന് ശേഷം യുവാവിനെതിരെ ഇവർ സ്ത്രീധന പീഡനത്തിനെതിരെ കേസും നൽകി.
രണ്ട് ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടാണ് ദാമിനിയെ സോം പ്രകാശിന്റെ വീട്ടുകാർ തിരികെ അയച്ചത്. വിവാഹം കഴിഞ്ഞയുടൻ തന്നെ ഭർത്തൃ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുമായിരുന്നുവെന്ന് ദാമിനി പരാതിയിൽ ആരോപിച്ചു. ഏപ്രിൽ മൂന്നിനാണ് സോം പ്രകാശ് ക്ഷേത്രത്തിൽ വച്ച് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. ദാമിനിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.